കണ്ണൂര്‍: ഹൃദയാഘാതം സംഭവിച്ച സ്ത്രീയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന്റെ വഴി മുടക്കുന്ന രീതിയില്‍ കാറോടിച്ച ഡോക്ടര്‍ അറസ്റ്റില്‍. പിണറായി സ്വദേശി ഡോ. രാഹുല്‍ രാജി(33)നെയാണ് കതിരൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടേമ്പത്ത് അറസ്റ്റു ചെയ്തത്. പിന്നീട് നോട്ടീസ് നല്കി വിട്ടയച്ചു. ഇരിട്ടി, കീഴൂരിലെ പോളിക്ലിനിക്കിലെ ഡോക്ടറാണ് രാഹുല്‍രാജ്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മട്ടന്നൂര്‍, കള റോഡിലെ ടി.പി ഹൗസില്‍ ഇ.കെ റുഖിയ (70)ആണ് മരിച്ചത്. ഹൃദയാഘാതം ഉണ്ടായ റുഖിയയെ മട്ടന്നൂരില്‍ നിന്നു തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ കാര്‍ സൈഡ് കൊടുക്കാത്തതിനാല്‍ ആംബുലന്‍സിനു യഥാസമയം ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് റുഖിയ മരണപ്പെടുകയും ചെയ്തു. ആംബുലന്‍സ് ഡ്രൈവര്‍ കെ. ശരത് നെല്ലൂന്നിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
