മംഗ്‌ളൂരു: കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ ഉള്ളാള്‍, കെ.സി റോഡ് കോട്ടേക്കാറിലെ സഹകരണ ബാങ്കില്‍ നിന്നു പട്ടാപ്പകല്‍ 12 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസിന്റെ അന്വേഷണം കാസര്‍കോട്ടും. കവര്‍ച്ചാ മുതലുകള്‍ കയറ്റിയ ഫിയറ്റ് കാര്‍ കാസര്‍കോട് ഭാഗത്തേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം അവിടേക്കു വ്യാപിപ്പിച്ചത്. സംഘം കാസര്‍കോട്ടേക്ക് എത്തിയിരിക്കാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണ്ണാടക പൊലീസ് സംഘം കൊള്ള നടന്ന ശനിയാഴ്ച തന്നെ കാസര്‍കോട് വരെ എത്തിയിരുന്നു. എന്നാല്‍ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാര്‍ എവിടെയെങ്കിലും ഒളിപ്പിച്ച് വച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
അതേ സമയം കൊള്ളയടി സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. ഫോര്‍ച്യൂണര്‍, ഫിയറ്റ്, ഉള്‍പ്പെടെ മൂന്നു കാറുകളിലാണ് കൊള്ളസംഘം എത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയ പ്രധാനകാര്യം. മൂന്നു കാറുകളിലായി ഒന്‍പതു പേരാണ് എത്തിയതെന്നും ഇവരില്‍ അഞ്ചുപേരാണ് ബാങ്കില്‍ കയറി തോക്കു ചൂണ്ടി കൊള്ളയടിച്ചതെന്നും പൊലീസ് സംശയിക്കുന്നു. മിനുറ്റുകള്‍ക്കകം കൊള്ള പൂര്‍ത്തിയാക്കി സംഘം മടങ്ങിയതും പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. സമാനരീതിയില്‍ നേരത്തെ കൊള്ള നടത്തിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നുവോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.