കാസര്‍കോട്: ഇടവേളയ്ക്കു ശേഷം ഉപ്പളയില്‍ വീണ്ടും ക്വട്ടേഷന്‍ ആക്രമണമെന്ന് സംശയം. യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചു. പഴ്‌സും മൊബൈല്‍ ഫോണും കാറുമായി കടന്നു കളഞ്ഞ സംഘം വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. യുവാവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൊഗ്രാല്‍ പുത്തൂര്‍, ബള്ളൂര്‍ ബി എം ഹൗസിലെ ഷഹലാബത്തി(26)ന്റെ പരാതിയില്‍ ഉത്തു, ഹന്‍സി, മുബീന്‍, റയീസ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
2024 ഡിസംബര്‍ 23ന് 12 മണിക്കും രാത്രി പത്തുമണിക്കും ഇടയിലാണ് സംഭവം. ബിസിനസ് കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹന്‍സി എന്നയാളാണ് പരാതിക്കാരനെ ഉപ്പള, മണിമുണ്ടയിലേയ്ക്ക് വിളിപ്പിച്ചതെന്നു പരാതിയില്‍ പറഞ്ഞു. സ്ഥലത്തെത്തിയപ്പോള്‍ രണ്ടു പേര്‍ ചേര്‍ന്ന് കാറില്‍ നിന്നു വലിച്ചിറക്കി മര്‍ദ്ദിക്കുകയും പരാതിക്കാരനെ വിവസ്ത്രനാക്കിയശേഷം വീഡിയോ ചിത്രീകരിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അക്രമി സംഘം കാറും മറ്റുമായി സ്ഥലം വിടുകയും ചെയ്തു. നഗ്ന വീഡിയോ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന് വശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെയാണ് ഷഹലാബത്ത് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
