പൂനെ: പുനെ-നാസിക് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ഒമ്പത് പേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പൂനെ-നാസിക് ഹൈവേയില്‍ മിനിവാനിന് പിന്നില്‍ ട്രക്ക് ഇടിച്ചാണ് ആദ്യം അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിന് ശേഷം നിയന്ത്രണം വിട്ട വാന്‍ മുന്നില്‍ നിര്‍ത്തിയ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് പൂനെ റൂറല്‍ പൊലീസ് സൂപ്രണ്ട് പങ്കജ് ദേശ്മുഖ് അറിയിച്ചു. മിനിവാനിലെ ഒമ്പത് യാത്രക്കാരും കൊല്ലപ്പെട്ടു, കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാലു സ്ത്രീകളും മൂന്ന് പുരുഷന്മാരും ഒരു കുട്ടിയുമാണ് മരിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനെയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് അപകടം. ട്രക്ക് അമിത വേഗതയിലെത്തി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. വിവരം അറിഞ്ഞ് സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ചതായും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും എക്സില്‍ കുറിച്ചു.
