ദുബായ്: കുണ്ടംകുഴി സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയവരുടെ യുഎഇ യിലെ കൂട്ടായ്മയായ കൂട്ടം യുഎഇ രണ്ട് നിരാലംബ കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാന ചടങ്ങ് ഞായറാഴ്ച്ച കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തില്‍ നടക്കും. എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു മുഖ്യാഥിതിയാകും. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, മറ്റ് വാര്‍ഡ് അംഗങ്ങള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പിടിഎ അംഗങ്ങള്‍, കൂട്ടം ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. മരുതടുക്കം ചെന്നിക്കുണ്ട് സ്വദേശി റഹ്‌മത്ത്, പെര്‍ളടുക്കം കനിയാംകുണ്ട് സ്വദേശി ശോഭ എന്നിവര്‍ക്കായാണ് കൂട്ടം സ്‌നേഹവീടുകള്‍ നിര്‍മിച്ചത്. കൂട്ടം നിര്‍മ്മിച്ച് നല്‍കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും വീടുകളാണിത്. നേരത്തെ പയറ്റിയാല്‍ സ്വദേശി ജനാര്‍ദ്ധനന് വേണ്ടിയും കൂട്ടം വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു.
