അബുദാബി: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.കെ ശ്രീപിലിക്കോട് രചിച്ച ‘ശൈത്യകാലത്തിലെ വിയര്‍പ്പുതുള്ളികള്‍ ‘ എന്ന ലേഖന സമാഹാരം പ്രകാശനം ചെയ്തു. അബുദാബി മലയാളി സമാജം സാഹിത്യ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍വച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. നാടകപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.വി ബഷീര്‍ പുസ്തകം ഏറ്റുവാങ്ങി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.പി ഗംഗാധരന്‍, സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ്, ജോയിന്റ് സെക്രട്ടറി ഷാജഹാന്‍ ഹൈദരലി, കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സുരേഷ് പയ്യന്നൂര്‍, എഎം അന്‍സാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ലാലി സാംസണ്‍തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പുസ്തക രചയിതാവ് കെ.കെ ശ്രീ പിലിക്കോട് എഴുത്തുവഴികളെക്കുറിച്ച് സംസാരിച്ചു. പ്രവാസം എന്ന രൂപകത്തെ ആഴത്തില്‍ വരച്ചിടുകയും പ്രവാസി മലയാളികള്‍ നേരിടുന്ന സമകാലിക ജീവിത പ്രശ്‌നങ്ങളെ പരിശോധിക്കുകയും ചെയ്യുന്ന പതിനേഴ് ലേഖനങ്ങള്‍ അടങ്ങിയതാണ് ‘ശൈത്യകാലത്തിലെ വിയര്‍പ്പുതുള്ളികള്‍. ‘
