ബംഗളൂരു: സ്വകാര്യ സന്ദേശങ്ങളും വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്ന ബന്ധുവിന്റെ ഭീഷണിയെ തുടര്‍ന്ന് ബംഗളൂരുവില്‍ 24 കാരിയായ യുവതി ആത്മഹത്യ ചെയ്തു. സുഹാസി എസ് സിംഗ് ആണ് മരിച്ചത്. നഗരത്തിലെ ഒരു പ്രമുഖ ഐടി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. സംഭവത്തില്‍ അമ്മാവന്‍ പ്രവീണ്‍ സിംഗിനെ പൊലീസ് അറസ്റ്റുചെയ്തു. മകള്‍ മരണപ്പെട്ട ശേഷം പ്രവീണ്‍ സിങ്ങിനും ഭാര്യ സന്ധ്യാ സിങ്ങിനുമെതിരെ യുവതിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മരണപ്പെട്ട സുഹാസി സിംഗ് കൂടുതല്‍ സമയവും പ്രവീണിന്റെയും സന്ധ്യയുടെയും വീട്ടിലാണ് ചെലവഴിച്ചിരുന്നുത്. അവധി ദിവസങ്ങളില്‍ അവരോടൊപ്പം യാത്രകള്‍ നടത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രവീണിനു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. പിന്നീട് അകന്നിരുന്നതായാണ് പൊലീസ് പറയുന്നത്. അടുത്തിടെ, സുഹാസി മറ്റൊരാളെ കാണാന്‍ തുടങ്ങി. ഇത് പ്രവീണിനെ പ്രകോപിതനാക്കി. തുടര്‍ന്ന് യുവതിയെ ഭീഷിപ്പെടുത്തി പീഡിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ഈമാസം 12 ന് രാത്രി 8 മണിയോടെ കുണ്ടലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള രാധ ഹോട്ടലില്‍ വെച്ച് സുഹാസി പ്രവീണിനെ കണ്ടിരുന്നു. സ്വകാര്യ ദൃശ്യങ്ങള്‍ വീട്ടുകാരെയും മറ്റും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഭീഷണി സഹിക്കാതായപ്പോള്‍ യുവതി അതേ ഹോട്ടലില്‍ വച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാത്രി 9 ന് പെണ്‍കുട്ടിക്ക് പൊള്ളലേറ്റതായും വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും ഹോട്ടല്‍ അധികൃതര്‍ മാതാവിനെ അറിയിച്ചു. പ്രവീണ്‍ തന്നെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. വീട്ടുകാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ് ആംബുലന്‍സില്‍ അബോധാവസ്ഥയിലായിരുന്നു. പിന്നീട് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തീകൊളുത്തുന്നതിന് മുമ്പ് കാമുകനെ യുവതി സംഭവം അറിയിച്ചിരുന്നു. ജനുവരി 13ന് സുഹാസിയുടെ സുഹൃത്ത് നവനാഥ് പാട്ടീല്‍ വിവരം അറിയിക്കുന്നതുവരെ മാതാപിതാക്കള്‍ പീഡന വിവരം അറിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ റിമാന്റുചെയ്തു.