മംഗളൂരു: ഉള്ളാള്‍ കെസി റോഡില്‍ പ്രവര്‍ത്തിക്കുന്ന കോട്ടേക്കാര്‍ സഹകരണ ബാങ്കില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്ക് ചൂണ്ടി 10 കോടിയിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ബാങ്ക് ശാഖയില്‍ എത്തിയ ആറംഗ സംഘം പിസ്റ്റള്‍ കാണിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച ശേഷം സംഘം കാറില്‍ മംഗളൂരു ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടു. വെള്ളിയാഴ്ചയായതിനാല്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കെസി റോഡ് ജംക്ഷനില്‍ ഉച്ചയ്ക്ക് നമസ്‌കാരം നടക്കുന്നതിനാല്‍ ബാങ്കില്‍ തിരക്ക് കുറവായിരുന്നു.
ഈ സമയത്താണ് ഒരു സംഘം കവര്‍ച്ചക്കാര്‍ ബാങ്കില്‍ എത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിപാടി മംഗളൂരുവില്‍ നടക്കുന്നതിനാല്‍ കൂടുതല്‍ പൊലീസ് സുരക്ഷയ്ക്കായി പോയിരുന്നു. ഇതും മോഷ്ടാക്കള്‍ക്ക് അനുഗ്രഹമായി. ബാങ്ക് ഒന്നാം നിലയിലായിരുന്നു പ്രവര്‍ത്തിക്കുന്നത്. താഴെ ഒരു ബേക്കറി കടയുണ്ട്. കവര്‍ച്ച നടക്കുന്ന സമയത്ത് ചില വിദ്യാര്‍ത്ഥികള്‍ ബേക്കറിയിലുണ്ടായിരുന്നു. ബഹളം കേട്ട് വിദ്യാര്‍ഥികള്‍ ബാങ്കിലേക്ക് ഓടിയപ്പോള്‍ അവരുടെ നേരെയും തോക്ക് ചൂണ്ടി. കന്നഡ ഭാഷയിലാണ് സംസാരിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു. നേരത്തെ ഇതേ ബാങ്കില്‍ കവര്‍ച്ച നടന്നിരുന്നു. വിവരത്തെ തുടര്‍ന്ന് ഉള്ളാള്‍ പൊലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. എസ് പി ധന്യ നായികിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി സ്പീക്കര്‍ യുടി ഖാദര്‍ പറഞ്ഞു.