തൃശൂര്‍: തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനേഴുകാരനെ പതിനഞ്ചുകാരന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഇരിങ്ങാലക്കുട സ്വദേശിയായ അങ്കിത്(17) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 6.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രണ്ടു മാസം മുമ്പാണ് കൊല്ലപ്പെട്ട അങ്കിത് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയത്. ബുധനാഴ്ച രാത്രി അങ്കിതും രണ്ടു വര്‍ഷമായി അന്തേവാസിയായി കഴിയുന്ന 15കാരനും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നുവെന്നു പറയുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇരുവരും കയ്യാങ്കളി നടത്തുകയും അങ്കിത് 15കാരന്റെ മുഖത്തടിക്കുകയും ചെയ്തിരുന്നുവെന്നും ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ പൊലീസിനെ അറിയിച്ചു. പ്രശ്‌നം സംസാരിച്ച് തീര്‍ക്കുകയും ചെയ്തിരുന്നുവെന്നു പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ദാരുണമായി കൊലപ്പെടുത്തിയതെന്നു പറയുന്നു. 25 അന്തേവാസികളാണ് ചില്‍ഡ്രന്‍സ് ഹോമില്‍ ഉള്ളത്. വിവരമറിഞ്ഞ് ശിശുക്ഷേമ സമിതി ഭാരവാഹികളും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
