കാസർകോട്: കർണ്ണാടക കെ.എസ് .ആർ .ടി.സി ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും , ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെർക്കള പൊവ്വൽ മാസ്തിക്കുണ്ട് സ്വദേശി മുബീന മൻസിലിൽ എം.പി അബൂബക്കർ സിദ്ധിക്കിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ.കെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം കഠിനതടവും അനുഭവിക്കണം. 2019 ആഗസ്ത് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസ്സിൽ കേരളത്തിലേക്ക് വരുന്നതിനിടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. വാഹന പരിശോധന നടത്തിയപ്പോൾ ഒന്നരക്കിലോ കഞ്ചാവ് പ്രതിയിൽ നിന്നും എക്സൈസ് കണ്ടെടുത്തു. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എക്സൈസ് ഇൻസ്പെക്ടർ എസ്.ബി മുരളീധരനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്നത്തെ കുമ്പള എക്സൈസ് ഇൻസ്പെക്ടറും ഇപ്പോഴത്തെ കാസർകോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുമായ ജോയ് ജോസഫാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
