
കാസര്‍കോട്: 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അങ്കണത്തിലെ ‘അമ്മയും കുഞ്ഞും’ ശില്‍പം യാഥാര്‍ത്ഥ്യത്തിലേക്ക്. രണ്ടു മാസത്തിനകം ശില്‍പത്തിന്റെ അവസാനമിനുക്കു പണികള്‍ കൂടി നടത്തി ശില്‍പ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ശില്‍പി കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. 87കാരനായ കാനായില്‍ 66ാം വയസിലാണ് ജില്ലാ പഞ്ചായത്ത് വളപ്പിലെ ശില്‍പ നിര്‍മ്മാണം ആരംഭിച്ചത്. എന്റോസള്‍ഫാന്‍ ദുരിതബാധിതരുടെ വേദനയും കണ്ണീരും അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ശില്‍പ നിര്‍മ്മാണം ആരംഭിച്ചത്. അനന്തതയിലേക്ക് നോക്കി നില്‍ക്കുന്ന അമ്മയുടെ കൈയില്‍ രണ്ടു കുഞ്ഞുങ്ങളുടെ ദൈന്യതയാര്‍ന്ന മുഖം ശില്‍പത്തിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു ശില്‍പിയുടെ ലക്ഷ്യം. ശില്‍പ നിര്‍മ്മാണത്തിനു 2006 ല്‍ തുടക്കമിടുമ്പോള്‍ ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു. ഇപ്പോഴത്തെ സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനായിരുന്നു അന്നത്തെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. 2011ല്‍ എം.കെ മുനീര്‍ മന്ത്രിയായിരുന്ന കാലത്ത് 20 ലക്ഷം രൂപ കൂടി ശില്‍പ നിര്‍മ്മാണത്തിനായി അനുവദിച്ചു. എന്നാല്‍ ശില്‍പ നിര്‍മ്മാണം എങ്ങുമെത്താതെ തുടര്‍ന്നു. സിമന്റും ഇഷ്ടികയും മണലും ചേര്‍ത്തു 40 അടി ഉയരത്തിലാണ് അമ്മയും കുഞ്ഞും ശില്‍പം തീര്‍ത്തത്. അവശേഷിക്കുന്ന മിനുക്കു പണികള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് കാനായിയുടെ ആഗ്രഹം. ശില്‍പിക്കൊപ്പം പ്രിയതമ നളിനിയും കൂടെയുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് തൊഴിലാളികളുടെ സഹായത്തോടെയാണ് സ്വന്തം ജില്ലയില്‍ കാനായിയുടെ ശില്‍പം നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്.