കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്റെ വിളിപ്പാടകലെയുള്ള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്നു പരാതി. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തെക്കുറിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് വിചിത്ര സംഭവങ്ങള്‍.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി ഒരു യുവാവ് സ്‌കൂളില്‍ എത്തിയതോടെയാണ് തട്ടിക്കൊണ്ടു പോകല്‍ പരാതിയുടെ തുടക്കം. യുവാവ് പറഞ്ഞ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ക്ലാസില്‍ നിന്നു പുറത്തേക്ക് കൂട്ടിക്കൊണ്ടു വന്നു. കുട്ടി അടുത്ത് എത്താറായപ്പോള്‍ യുവാവ് സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ടു. അധ്യാപകര്‍ ഉച്ചത്തില്‍ വിളിച്ചിട്ടും യുവാവ് നില്‍ക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് യുവാവിന്റെ ലക്ഷ്യം കുട്ടിയെ തട്ടിക്കൊണ്ടു പോകലായിരുന്നുവെന്ന സംശയം അധ്യാപകര്‍ക്കുണ്ടായത്. വിവരം ഹൊസ്ദുര്‍ഗ് പൊലീസിനെ അറിയിച്ചു. ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി. സമീപ പ്രദേശങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സ്‌കൂളിലേയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. കല്ലൂരാവി സ്വദേശിയായ ഒരു യുവാവാണ് കുട്ടിയെ ‘തട്ടിക്കൊണ്ടു പോകാന്‍’ എത്തിതെന്നു വ്യക്തമായി. ഒട്ടും താമസിയാതെ പൊലീസ് കല്ലൂരാവിയിലെത്തി ‘പ്രതി’ യെ പൊക്കി. സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് പറ്റിയ അമളി യുവാവ് പൊലീസിനു മുമ്പാകെ വിശദീകരിച്ചത്. ബന്ധുവായ കുട്ടിയെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു വരാനാണ് വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം സ്‌കൂളിലെത്തിയത്. ക്ലാസും കുട്ടിയുടെ പേരും സ്വദേശവും എല്ലാം കൃത്യമായിരുന്നു. അതു പ്രകാരമാണ് അധ്യാപകര്‍ കുട്ടിയെയും കൂട്ടി എത്തിയത്. കുട്ടിയെ കണ്ടപ്പോഴാണ് ആളുമാറിയെന്ന കാര്യം വ്യക്തമായത്. കുടുങ്ങിയേക്കുമെന്ന ഭീതി കാരണമാണ് സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ടതെന്നും യുവാവ് മൊഴി നല്‍കി. യുവാവ് പറഞ്ഞതു പ്രകാരമുള്ള കുട്ടി നഗരത്തിലെ ഒരു എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. യുവാവ് വിശദീകരിച്ച കാര്യങ്ങള്‍ സത്യമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരാതി അവസാനിപ്പിച്ചതായി പൊലീസ് അറിയിച്ചു.







