കൊച്ചി: കളമശ്ശേരിയിൽ അപ്പാർട്മെൻ്റിൽ ഇൻ്റേൺഷിപ്പിനെത്തിയ കാസർകോട് സ്വദേശികളായ വിദ്യാർത്ഥികൾക്ക് നേരെ സുഹൃത്തായ വിദ്യാർത്ഥിയുൾപ്പെട്ട സംഘത്തിന്റെ ആക്രമണം. അഞ്ച് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. കാസർകോട് സ്വദേശികളായ ഷാസിൽ (21), അജിനാസ്, സൈഫുദ്ദീൻ, മിഷാൽ , അഫ്സൽ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാർഥികളാണ് ഇവർ. ഒരു പെൺ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കം രണ്ട് സുഹൃദ് സംഘങ്ങൾ തമ്മിലെ സംഘർഷത്തിൽ കലാശിച്ചെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ 2.15 ഓടെ സീപോർട്ട് എയർ പോർട്ട്റോഡിന് സമീപം കൈപ്പടമുഗളിൽ അഫ്സൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്പാർട്മെൻ്റിലാണ് സംഘർഷം നടന്നത്. ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളുടെ സുഹൃത്തായ ദേവാനന്ദും കണ്ടാലറിയാവുന്ന നാല് പേരും ചേർന്നാണ് ആക്രമിച്ചതെന്ന് പറയുന്നു. കമ്പി വടിയും മാരകായുധങ്ങളുമായി അപ്പാർട്ട്മെൻ്റിലെ വാതിൽ പൊളിച്ച് അകത്ത് കയറിയ സംഘം ഷാസിലിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരും ചികിത്സയിലാണ്. കൊലപാതക ശ്രമം അടക്കമുളള വകുപ്പുകൾ ചുമത്തി കളമശ്ശേരി പൊലീസ് കേസെടുത്തു. പക്ഷേ പൊലീസ് ആരെയും അറസ്റ്റ് ചെയ്തില്ല . മംഗളൂരു കോളജിലെ വിദ്യാർത്ഥികളായ എല്ലാവരും എറണാകുളത്ത് ഇൻ്റേൺഷിപ്പ് ചെയ്യാൻ എത്തിയവരാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
