കണ്ണൂർ: മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ ആളിന് ജീവൻ. കണ്ണൂരിലെ തളാപ്പ് എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. കൂത്തുപറമ്പ് പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രനാണ് (67) പുനർജന്മം ലഭിച്ചത്. ആശുപത്രി അറ്റൻഡറുടെ ജാഗ്രതയാണ് വയോധികന് തുണയായത്. ആശുപത്രിയിലെ മോർച്ചറിയിൽ വച്ച് അറ്റൻഡർ പവിത്രന് ജീവനുണ്ടെന്ന് മനസ്സിലാക്കുകയും വിവരം അധികൃതരെ അറിയിക്കുകയുമായിരുന്നു. മംഗളൂരു ദർളക്കട്ടയിലെ ആശുപത്രിയിൽ നിന്ന് മരിച്ചെന്ന് വിധിയെഴുതിയ പവിത്രനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് എകെജി സഹകരണ ആശുപത്രിയിൽ എത്തിച്ചത്. ഫ്രീസറിൽ വെക്കാനാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആംബുലൻസിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റാൻ ഒരുങ്ങുന്നതിനിടെ അറ്റൻഡർക്ക് ഒരു സംശയം, കാലുകൾ അനക്കുന്നുണ്ട്. തൊട്ടു നോക്കിയപ്പോൾ നാഡീമിഡിപ്പുള്ളതായി മനസ്സിലായി. ഉടൻതന്നെ കാഷ്വാലിറ്റിയിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ജീവൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഡോക്ടർമാർ തീവ്ര പരിചരണ വിഭാഗത്തിലേക്ക് പവിത്രനെ മാറ്റുകയായിരുന്നു. പവിത്രൻ്റെ വീട്ടിൽ മൃതദേഹം എത്തിക്കാനുള്ള സൗകര്യങ്ങളും സംസ്കാര ചടങ്ങുകൾ നടത്താനുള്ള ഏർപ്പാടുകളും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ജനുവരി 14ന് പുറത്തിറങ്ങിയ പത്രങ്ങളിൽ പവിത്രന്റെ മരണവാർത്ത വന്നിരുന്നു. വിവരമറിഞ്ഞ് വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് വന്നുകൊണ്ടിരിക്കെയാണ് പവിത്രൻ്റെ അത്ഭുതകരമായ തിരിച്ചുവരവ്. മംഗളൂരു ഹെഗ്ഡേ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ കഴിഞ്ഞിരുന്ന പവിത്രൻ്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്വദേശമായ കണ്ണൂരിലേക്ക് മൃതദേഹം കൊണ്ടുവന്നത്. ഇതിനിടെയാണ് പവിത്രന് ജീവനുള്ളതായി ആശുപത്രി ജീവനക്കാരൻ തിരിച്ചറിഞ്ഞത്. പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മംഗളൂരുവിലെ ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ പവിത്രൻ്റെ മരണം സ്ഥിരികരിക്കുന്നതിലുണ്ടായ വീഴ്ചയാണ് ആശയകുഴപ്പത്തിനിടയാക്കിയത്. പവിത്രൻ ഇപ്പോൾ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്.
![](https://malayalam.karavaldaily.com/wp-content/uploads/2025/02/inbound4087530442608743155.jpg)