കാസര്‍കോട്: ബംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ.യുമായി അറസ്റ്റിലായ സംഘം നേരത്തെയും മയക്കുമരുന്നു കടത്തിയതായി സംശയം ഉണ്ടെന്നു പൊലീസ്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.
മുളിയാര്‍ മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ് (26), കാസര്‍കോട്, കോട്ടക്കണ്ണിയില്‍ പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ഷാനവാസ് (50), ഇയാളുടെ ഭാര്യ ഷരീഫ (40), ചെമ്മനാട് മൂഡംബയല്‍ എം.എഫ് മന്‍സിലില്‍ മുനീറിന്റെ ഭാര്യ പി.എം ഷുഹൈബ (38) എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ 5.45ന് ബോവിക്കാനം-ഇരിയണ്ണി റോഡ് മഞ്ചക്കല്ലില്‍ വച്ച് ആദൂര്‍ എസ്‌ഐ വിനോദിന്റെയും സംഘത്തിന്റെയും പിടിയിലായത്.
ബംഗ്‌ളൂരുവില്‍ നിന്നു മയക്കുമരുന്നുമായി കാര്‍ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് സംഘം റോഡില്‍ കാത്തു നില്‍ക്കുകയായിരുന്നു. സൂചനയില്‍ പറഞ്ഞ നമ്പരിലുളള കാര്‍ എത്തിയപ്പോള്‍ കൈ കാണിച്ചു. എന്നാല്‍ കാര്‍ നിര്‍ത്താതെ പോയി. പൊലീസ് സംഘം പിന്തുടര്‍ന്നതോടെ കാര്‍ ബോവിക്കാനം ടൗണില്‍ നിന്നു ഇരിയണ്ണി ഭാഗത്തേക്ക് കുതിച്ചു. എന്നാല്‍ പൊലീസ് വാഹനം കാറിനെ മറികടന്നു തടഞ്ഞു നിര്‍ത്തിയാണ് പിടികൂടിയത്.
ഭയം കാരണമാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നാണ് കാറില്‍ ഉണ്ടായിരുന്നവര്‍ ആദ്യം പറഞ്ഞത്. ബംഗ്‌ളൂരുവില്‍ പോയി മടങ്ങുകയാണെന്നും ചെറിയ കുട്ടിയുണ്ടെന്നും സംഘത്തിലെ സ്ത്രീകള്‍ അടക്കമുള്ളവര്‍ കരഞ്ഞു പറഞ്ഞുവെങ്കിലും പൊലീസ് വിട്ടില്ല. വിശദമായ പരിശോധനയില്‍ കാറിനകത്തു നിന്നു എം.ഡി.എം.എ കണ്ടെത്തുകയും ചെയ്തു. പൊലീസ് സംശയിക്കാതിരിക്കുന്നതിനാണ് കുഞ്ഞിനെയും സ്ത്രീകളെയും മയക്കുമരുന്നു കടത്തിന് ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ സംശയം.
