കണ്ണൂര്‍: ജോലി സ്ഥലത്തേക്ക് പുറപ്പെട്ട സൈനികനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കാണാതായി. ആലക്കോട്, ഫാറൂഖ് നഗറിലെ സി മുഹമ്മദ് മുസമ്മലിനെ(32)നെയാണ് കാണാതായത്. സഹോദരന്‍ സി അബ്ദുല്‍ റസാഖ് നല്‍കിയ പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഹൈദരാബാദ് ഗോല്‍ക്കണ്ടയില്‍ ജോലി ചെയ്യുന്ന മുസമ്മില്‍ 10 ദിവസത്തെ അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. ചൊവ്വാഴ്ച തിരിച്ചു പോകാനായി സഹോദരന്‍ റസാഖിനൊപ്പം രാത്രി 8.15 മണിയോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. സഹോദരനോട് തിരിച്ചു പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു മുസമ്മില്‍ റെയില്‍വേ സ്റ്റേഷന് അകത്തേക്ക് കയറിപ്പോയി. അതിനുശേഷം വിവരമൊന്നും ലഭിച്ചില്ല. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതായിരുന്നു. എന്നാല്‍ അവിടെ എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഏഴിന് രാത്രി 8.25 മണിയോടെ മുസമ്മലിന് ഒരു ഫോണ്‍കോള്‍ വരികയും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തു പോയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.