പത്തനംതിട്ട: 13 വയസ് മുതൽ അഞ്ച് വർഷക്കാലം 62 പേർ പീഡനത്തിനിരയായയെന്ന് കായികതാരമായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. പത്തനംതിട്ടയിലാണ് സംഭവം. ശിശുക്ഷേമ സമിതിയുടെ കൗൺസിലിംഗിനിടെയാണ് പീഡനത്തിനിരയായതായി പതിനെട്ടുകാരി വെളിപ്പെടുത്തിയത്. ഇക്കാലയളവിൽ അറുപത്തി രണ്ടോളം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ രണ്ട് പോക്സോ കേസിലായി അഞ്ച് പേർ അറസ്റ്റിലായി. പത്തനംതിട്ട ഇലവുംതിട്ട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അഞ്ച് പ്രതികളെയും റാന്നി കോടതിയിൽ ഹാജരാക്കി. പ്രതികൾക്കെതിരെ എസ് സി എസ് ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസെടുക്കും. 2019 മുതൽ പീഡനം ആരംഭിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. ആദ്യം അടുപ്പം കൂടിയ ആൺസുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്‌തതായാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന പ്രതിയും ഇക്കൂട്ടത്തിലുണ്ട്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ലൈംഗിക ചൂഷണത്തിനെതിരെ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. തുടര്‍ന്ന് മഹിളാ സമാഖ്യ സൊസൈറ്റി വഴി വിവരം സിഡബ്ല്യുസിയിലേക്ക് എത്തുകയായിരുന്നു. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വിശദമായ വിവരങ്ങളും പീഡനം സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനായിരുന്നു ആദ്യഘട്ട ശ്രമം. തുടര്‍ന്ന് സൈക്കോളജിസ്റ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിക്ക് സിഡബ്ല്യുസി രണ്ടാഴ്ചയോളം കൗണ്‍സിലിംഗ് നല്‍കി.പീഡനകാലയളവിൽ പെൺകുട്ടിക്ക് ഫോൺ ഉണ്ടായിരുന്നില്ല. എന്നാൽ രാത്രികാലങ്ങളിൽ കുട്ടി പിതാവിന്റെ ഫോൺ ഉപയോഗിച്ചിരുന്നു. പീഡിപ്പിച്ചവരിൽ ചിലർ പെൺകുട്ടിയുടെ അച്ഛന്റെ ഫോണിലേക്കാണ് വിളിച്ചിരുന്നത്. ഇതിൽ 32 പേരുടെ പേരുകൾ ഫോണിൽ സേവ് ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.പീഡനം നടന്ന കാലത്ത് കുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ആ ദൃശ്യങ്ങൾ കണ്ട ചിലരും പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും പീഡിപ്പിച്ചിരുന്നതായും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. ഗ്രാമീണ മേഖലകളിൽ സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന മഹിളാ സമഖ്യ പദ്ധതി പ്രവർത്തകരോടാണ് പെൺകുട്ടി പ്രശ്നങ്ങൾ ആദ്യം സൂചിപ്പിച്ചത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പ്രവർത്തകർ ശിശുക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലിങ്ങിൽ പെൺകുട്ടിയും മാതാവും ഹാജരായി. പെൺകുട്ടി ഇപ്പോൾ ഉപയോഗിക്കുന്ന ഫോണിൽ നിന്ന് 42 പേരുടെ ലിസ്റ്റ് കിട്ടി. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൗൺസിലിങ്ങിന് വിധേയയാക്കിയ പെൺകുട്ടി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല.