ഭാവഗായകനെ അവസാനമായി കാണാൻ കേരളം; പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതുദർശനം

തൃശ്ശൂർ: ഭാവഗായകൻ പി ജയചന്ദ്രന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി. 6 പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് ഇന്നലെ വിട വാങ്ങിയത്. അർബുദബാധയെ തുടർന്ന് എൺപതാം വയസിലായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. തൃശ്ശൂർ അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പൂങ്കുന്നത് വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. 10 മണിയോടെ സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിൽ പൊതുദർശനമുണ്ടാകും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലത്താണ് സംസ്കാരം. വ്യാഴാഴ്ച വൈകീട്ട് ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് പി ജയചന്ദ്രനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പി ജയചന്ദ്രൻ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്കാരം ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു. ഭാര്യ: ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ. വിയോഗത്തിൽ പ്രമുഖർ അനുശോചിച്ചു. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ കുറിച്ചു. പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി പി. ജയചന്ദ്രനെ അനുസ്മരിച്ചത്. മലയാളത്തിൻ്റെ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ വേർപാടിലൂടെ വിരാമമായത് കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാനസപര്യയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ട കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഗായകൻ പി. ജയചന്ദ്രനെ അനുസ്മരിച്ചത്. സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രൻ്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയതെന്നും തുടർന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page