കാസര്‍കോട്: പിറന്നാള്‍ ആഘോഷത്തിനു മിഠായി വാങ്ങിക്കുവാന്‍ മകളെയും കൂട്ടി സ്‌കൂട്ടറില്‍ പോകുന്നതിനിടയില്‍ ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് രണ്ടു വര്‍ഷമായി കിടപ്പിലായിരുന്ന ടി.വി മെക്കാനിക്ക് മരിച്ചു. മഞ്ചേശ്വരം, കട്ടബസാറിലെ രവിചന്ദ്ര (58) ആണ് മരിച്ചത്. മകള്‍ ദീപിക (12) അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. 2022ഫെബ്രുവരി 23ന് മഞ്ചേശ്വരം ബീച്ച് റോഡ് ജംഗ്ഷനു സമീപത്തു ഒളപ്പേട്ടയിലായിരുന്നു അപകടം. ബങ്കര, മഞ്ചേശ്വരം ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ദീപിക. മകളേയും കൂട്ടി പിറന്നാള്‍ ദിനത്തില്‍ വിതരണം ചെയ്യാനായി മിഠായി വാങ്ങിക്കുവാന്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്നു രവിചന്ദ്ര. ഇതിനിടയിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ രവിചന്ദ്ര ഏറെക്കാലം മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനു ശേഷമാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയശേഷവും കിടപ്പിലായിരുന്നു. ഭാര്യ: മഞ്ജുള. മകള്‍ ദീക്ഷിത.