കണ്ണൂര്‍: തമിഴ്‌നാട്, സ്വദേശിനിയെ കബളിപ്പിച്ച് 60,000 രൂപ കൈക്കലാക്കിയ കേസില്‍ വിമുക്ത ഭടന്‍ അറസ്റ്റില്‍. മയ്യില്‍, കയരളം, വേളം, ഊരടഹൗസില്‍ യു. കൃഷ്ണ (60)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തമിഴ്‌നാട്, വില്ലുപുരം സ്വദേശിനിയായ അമ്മക്കണ്ണി(40)ന്റെ പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഡിസംബര്‍ 25ന് ആണ് കേസിനാസ്പദമായ സംഭവം. പുതിയ തെരുവിലാണ് പരാതിക്കാരി താമസം. കണ്ണൂര്‍ എസ്.ബി.ഐയുടെ മെയിന്‍ ബ്രാഞ്ചിനോട് ചേര്‍ന്ന എ.ടി.എം കൗണ്ടറില്‍ നിന്നു പണം എടുക്കാനെത്തിയതായിരുന്നു അമ്മക്കണ്ണ്. എ.ടി.എം പണമിടപാട് അറിയാതെ വിഷമിച്ചു നിന്ന യുവതിയെ താന്‍ സഹായിക്കാമെന്നു പറഞ്ഞാണ് കൃഷ്ണന്‍ സമീപിച്ചത്. യുവതി പറഞ്ഞ തുക പിന്‍വലിച്ച ശേഷം കൃഷ്ണന്‍ തിരികെ നല്‍കിയത് തന്റെ പേരിലുള്ള എ.ടി.എം കാര്‍ഡായിരുന്നു. ഇക്കാര്യം യുവതിക്ക് മനസ്സിലായിരുന്നില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ പ്രസ്തുത എടിഎം കാര്‍ഡ് ഉപയോഗിച്ച് അമ്മക്കണ്ണിന്റെ അക്കൗണ്ടില്‍ നിന്നു കൃഷ്ണന്‍ 60,000 രൂപ പിന്‍വലിച്ചു. പണം നഷ്ടപ്പെട്ട കാര്യമറിഞ്ഞ അമ്മക്കണ്ണ് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. എ.ടി.എം കൗണ്ടറിനു സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളും എടിഎം കാര്‍ഡിലെ വിവരങ്ങളും പരിശോധിച്ച് പണം പിന്‍വലിച്ചത് കൃഷ്ണന്‍ ആണെന്ന് പൊലീസ് ഉറപ്പിച്ചു. കൃഷ്ണനെ വെള്ളിയാഴ്ച രാവിലെയാണ് എസ്‌ഐ അനുരൂപ് കയ്യോടെ പിടികൂടിയത്.
കണ്ണൂര്‍ ടൗണില്‍ സ്ഥിരമായി ചുറ്റിക്കറങ്ങി കവര്‍ച്ച നടത്തുന്ന ആളാണ് കൃഷ്ണന്‍ എന്നു പൊലീസ് പറഞ്ഞു. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ കൃഷ്ണനെ അറസ്റ്റു ചെയ്തിരുന്നു. പ്രസ്തുത കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് അമ്മക്കണ്ണിനെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ പ്രതിയായത്.