തിരുപ്പതി: ആന്ധ്ര പ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനുള്ള ടോക്കണെടുക്കുന്ന ക്യൂവിൽ അനിയന്ത്രിതമായ തിക്കും തിരക്കിലും പെട്ടു മരിച്ചവരുടെ എണ്ണം ആറായി. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ബൈരാഗി പട്ടീദ പാർക്കിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിലാണ് ദുരന്തമുണ്ടായത്. ജനുവരി 10 മുതൽ 19 വരെ നടത്തുന്ന വൈകുണ്ഠ ദ്വാര ദർശനത്തിനുള്ള ടോക്കൺ വിതരണമാണ് ഇവിടെ നടത്താനിരുന്നത്. നാലായിരത്തോളം പേരാണ് ദർശനത്തിനു ടിക്കറ്റെടുക്കാനുള്ള ക്യൂവിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്ക് തുറക്കുന്ന കൗണ്ടറിനു മുന്നിൽ തലേ ദിവസം വൈകിട്ട് തന്നെ കനത്ത തിരക്ക് രൂപപ്പെടുകയായിരുന്നു. കൂപ്പൺ കൗണ്ടറിലേക്ക് ഭക്തർ ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണമായത്. ഒരാള്‍ തമിഴ്നാട് സേലം സ്വദേശിനി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു. 4 പേര്‍ റൂയ ആശുപത്രിയിലും രണ്ടുപേര്‍ സ്വിമ്‌സ് ആശുപത്രിയിലും വച്ചാണ് മരിച്ചത്. അപകടത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് തിരുപ്പതിയില്‍ എത്തും.