കാസര്‍കോട്: 20 ദിവസം മുമ്പ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ അധ്യാപകന്‍ മരണത്തിനു കീഴടങ്ങി. ബദിയഡുക്ക, പെര്‍ഡാല നവജീവന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ പി.വി സത്യദാസന്‍ (54) ആണ് വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കണ്ണൂര്‍, പിലാത്തറ സ്വദേശിയാണ്. പെര്‍ഡാല സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായ സത്യദാസന്‍ രണ്ടു വര്‍ഷം മുമ്പാണ് വൃക്ക രോഗിയായത്. വൃക്ക മാറ്റി വച്ചാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാന്‍ കഴിയുവെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇതു പ്രകാരം ഡിസംബര്‍ 20ന് കൊച്ചിയിലെ ആശുപത്രിയില്‍ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി. വിശ്രമത്തിനിടയില്‍ രണ്ടു ദിവസം മുമ്പ് ന്യുമോണിയ ബാധിച്ചു. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തി ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സത്യദാസിനോടുള്ള ആദരസൂചകമായി സ്‌കൂളിനു വ്യാഴാഴ്ച അവധി നല്‍കി.
ഭാര്യ: ഇന്ദിര. മകന്‍: സാരംഗ്. സഹോദരങ്ങള്‍: മധുസൂദനന്‍, രാമചന്ദ്രന്‍, നാരായണന്‍, നന്ദിനി.