കണ്ണൂര്‍: വീട് കുത്തിത്തുറന്ന് 12പവനും 88,000 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. അഴീക്കോട് ഉപ്പായിചാല്‍ സ്വദേശികളായ റനീസ് എന്ന ബദര്‍ (27), എ വി അബ്ദുല്‍ റഹീം (54) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.
തളാപ്പ്, കൊട്ടന്മാര്‍ക്കണ്ടി, ഉമൈബയുടെ വീട്ടില്‍ ഡിസംബര്‍ 30ന് രാത്രിയിലാണ് കവര്‍ച്ച നടന്നത്. ഉമൈബയും മൂന്നു ആണ്‍മക്കളും മകളും ഗള്‍ഫിലാണ്. അതിനാല്‍ അടഞ്ഞു കിടക്കുകയാണ് വീട്. ചെറുകുന്നിലെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു ഉമൈബയുടെ മകന്‍ നജീറും ഭാര്യയും മകനും എത്തിയപ്പോഴാണ് വീടു തുറന്നത്. 29ന് വീടുപൂട്ടി മൂന്നു പേരും വിവാഹത്തില്‍ പങ്കെടുക്കുവാന്‍ പോയി. 30ന് പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞത്. കേസില്‍ ഇനി കിട്ടാനുള്ള ചാലില്‍ സ്വദേശി ധനേഷിന്റെ സ്‌കൂട്ടറിലാണ് കവര്‍ച്ചക്കാര്‍ എത്തിയതെന്നു കണ്ടെത്തിയതോടെയാണ് അന്വേഷണം റനീസിലേയ്ക്കും അബ്ദുല്‍ റഹിമിലേയ്ക്കും എത്തിയത്.
അറസ്റ്റിലായ അബ്ദുല്‍ റഹീം വീട്ടുടമയായ ഉമൈബയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ്. ഇയാളാണ് വീടിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം മറ്റു രണ്ടു പ്രതികള്‍ക്കു കൈമാറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ചാ മുതലുകള്‍ പങ്കുവച്ച ശേഷം മഹേഷ് ഗള്‍ഫിലേയ്ക്ക് കടന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.