കാസർകോട്: ചൊവ്വാഴ്ച നടന്ന കുമ്പള മെർച്ചന്റ്സ് വെൽഫെയർ സഹകരണ സംഘം പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനച്ചടങ്ങിൽ വിവിധ പ്രധാന ഉദ്ഘാടനങ്ങൾ നിർവഹിക്കേണ്ടിയിരുന്ന നാലുപ്രമുഖർ ഉൾപ്പെടെ 16 ലധികം വിശിഷ്ടാതിഥികൾ വിട്ടു നിന്നു. സംഘം ഭരണം കൈയാളുന്ന പാർട്ടിയുടെ പ്രതിനിധിയും ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന ആളുമായ എ.കെ.എം. അഷ്‌റഫ് എം.എൽ.എ, കുമ്പള പഞ്ചായത്തു പ്രസിഡന്റും മുസ്ലിം ലീഗു നേതാവുമായ യു.പി.താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷ്റഫ് കർള, ബാങ്കിന്റെ കൗണ്ടർ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കെ.ആർ.ജയാനന്ദ, സേഫ് ലോക്കർ ഉദ്ഘാടകനാകേണ്ടിയിരുന്ന സഹകരണ അസി.രജിസ്ട്രാർ എം. രവീന്ദ്ര, ഡിപ്പോസിറ്റ് സ്വീകരിക്കേണ്ടിയിരുന്ന മറ്റൊരു അസിസ്റ്റന്റ് രജിസ്ട്രാർ കെ.രാജ ഗോപാലൻ, സംഘത്തിന്റെ സെക്യൂരിറ്റി സിസ്റ്റം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കുമ്പള പൊലീസ് ഇൻസ്പെക്ടർ വിനോദ്, രണ്ടു സഹകരണ സംഘം ഇൻസ്പെക്ടർമാർ എന്നിവരാണ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച പ്രമുഖർ. ഇവർക്കു പുറമെ ചടങ്ങിൽ ആശംസാ പ്രസംഗത്തിൽ പങ്കെടുക്കുമെന്നു ക്ഷണക്കത്തിൽ അറിയിച്ചിരുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ സി.പി.എം നിയന്ത്രണത്തിലുളള സഹകരണ സംഘം പ്രസിഡന്റുമാർ മുഴുവൻ ചടങ്ങിൽ പങ്കെടുക്കാതെ മാറിനിന്നു. കുമ്പള ടൗണിലെ അഞ്ചു സഹകരണ സംഘങ്ങളിലെ മുഴുവൻ പ്രസിഡന്റുമാരും പരിപാടിയിൽ പങ്കെടുത്ത് ആശംസ അർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നെങ്കിലും അവരിൽ ഒരാൾ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ. കാസർകോട് ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് പി രഘുദേവൻ, കുമ്പള കേരള ബാങ്ക് മാനേജർ ഉണ്ണികൃഷ്ണൻ, തുളുനാട് സഹകരണ സംഘം പ്രസിഡന്റ് കെഎസ് അബ്ദുൽ അസീസ്, വർക്കേഴ്സ് സഹകരണ സംഘം പ്രസിഡന്റ് ഡിഎൻ രാധാകൃഷ്ണൻ, കേരള ഓപ്പറേറ്റീവ് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി കെ വിനോദ്, വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് എം ഗോപി എന്നിവരും പരിപാടിയിൽ പങ്കെടുത്തില്ല. രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. എന്തുതന്നെ നേരിടേണ്ടിവന്നാലും ആൾ ജാമ്യത്തിൽ 2 ലക്ഷം രൂപ മർച്ചന്റ്സ് വെൽഫെയർ സംഘം ലോൺ നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് അബ്ദുൽ സത്താർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. മെർച്ചന്റ്സ് അസോ. ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫും ചടങ്ങിൽ പങ്കെടുത്തിരുന്നു. കുമ്പള മെർച്ചന്റ്സ് അസോസിയേഷൻ ഓഫീസ് കെട്ടിടത്തിൽ പവർത്തിച്ചിരുന്ന വെൽഫെയർ സംഘം മറ്റൊരു വാടകക്കെട്ടിടത്തിലേക്കു മാറ്റിയത് സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെയായിരുന്നെന്നും അതു നിയമ വിരുദ്ധമാണെന്നും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ വെൽഫെയർ സംഘം ഭരണ സമിതിയെ അറിയിച്ചിരുന്നു. മാത്രമല്ല, വാടകക്കെട്ടിടം അണിയിച്ചൊരുക്കാനും അതിൽ സേഫ് ലോക്കർ സ്ഥാപിക്കാനും 10 ലക്ഷത്തോളം രൂപ ചെലവാക്കിയിരുന്നു. സംഘത്തിന്റെ പണം ഇത്തരത്തിൽ ചിലവഴിക്കുന്നതിനു മുമ്പ് സഹകരണ വകുപ്പിന്റെ അനുമതി തേടിയിരിക്കേണ്ടതാണെന്നും വെൽഫെയർ സംഘം ഭാരവാഹികൾ അതിനു തയ്യാറാവാതെയാണ് ജനങ്ങളുടെ പണം ചെലവാക്കിയതെന്നും അതിനാൽ പുതിയ ഓഫീസിനു വേണ്ടി സംഘത്തിന്റെ ഫണ്ടിൽ നിന്നു ചെലവാക്കിയ പണം അതിനുത്തരവാദികളായവരിൽ നിന്നു തിരിച്ചു പിടിക്കണമെന്നും ജോ.രജിസ്ട്രാർ നിർദേശിച്ചിരുന്നു. അതൊന്നുമില്ലാതെ ഇതേ കെട്ടിടത്തിൽ നേരത്തേ പ്രവർത്തനമാരംഭിച്ച സംഘത്തിന്റെ ഓഫീസ് തിരക്കിട്ട് പിന്നീടൊരു ഉദ് ഘാടനം നടത്തുകയും അതിൽ സഹകരണ വകുപ്പിലെ രണ്ടു അസി. രജിസ്ട്രാർ മാരുൾപ്പെടെ നാലു സഹകരണ ജീവനക്കാരെ പങ്കെടുപ്പിക്കാനും അവരെ ക്കൊണ്ടു പ്രധാന ഉദ്ഘാടനം ചെയ്യിക്കാനുമായിരുന്നു ശ്രമം. ഇതിനു പുറമെ, രോഗബാധിതനായി വിഷമിക്കുന്ന സംഘത്തിലെ ഒരംഗത്തിന്റെ പേരിൽ അയാളറിയാതെ ആൾമാറാട്ടം നടത്തി രണ്ടുലക്ഷം രൂപ ആൾ ജാമ്യത്തിൽ ലോണെടുത്ത കേസ് അന്വേഷിക്കുന്ന കുമ്പള പൊലീസ് ഇൻസ്പെക്ടറെക്കൊണ്ട് സംഘത്തിലെ സുരക്ഷാ സംവിധാനം ഉദ്ഘാടനം ചെയ്യിക്കാനുള്ള സംഘാടകരുടെ പദ്ധതിയും പൊളിഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് മെമ്പർ മുതൽ പാർലമെന്റ് അംഗത്തെ വരെ പങ്കെടുപ്പിക്കാനും ശ്രദ്ധിച്ചിരുന്നു.