ലക്‌നൗ: ആറ് കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു 36 കാരി യാചകനൊപ്പം ഒളിച്ചോടിപ്പോയി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ ആണ് സംഭവം. ഭര്‍ത്താവ് രാജുവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്ത്രീയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 87 പ്രകാരമാണ് പൊലീസ് യാചകനായി തെരച്ചില്‍ ആരംഭിച്ചത്. 45 കാരനായ രാജുവും ഭാര്യ രാജേശ്വരിയും അവരുടെ ആറ് മക്കള്‍ക്കുമൊപ്പം ഹര്‍ദോയിയിലെ ഹര്‍പാല്‍പൂര്‍ എന്ന സ്ഥലത്താണ് താമസിക്കുന്നത്. ഇടയ്ക്കിടെ 45 കാരനായ നന്‍ഹെ പണ്ഡിറ്റ് എന്ന യാചകന്‍ ഗ്രാമത്തില്‍ വന്നുപോകാറുണ്ടായിരുന്നു. അതിനിടെ രാജേശ്വരിയുമായി സൗഹൃദത്തിലാവുകയായിരുന്നു. നാന്‍ഹെ പണ്ഡിറ്റ് പലപ്പോഴും രാജേശ്വരിയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും അവര്‍ ഫോണിലൂടെയും സംസാരിക്കാറുണ്ടെന്നും രാജു പൊലീസിനോട് പറഞ്ഞു. ജനുവരി മൂന്നിന് ഉച്ചയ്ക്ക് 2 മണിയോടെ മകള്‍ ഖുശ്ബുവിനോട് വസ്ത്രങ്ങളും പച്ചക്കറികളും വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞ് രാജേശ്വരി സ്ഥലം വിടുകയായിരുന്നു. സന്ധ്യയായിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എരുമയെ വിറ്റ് സൂക്ഷിച്ച പണവും നഷ്ടമായത് മനസിലായത്. എരുമയെ വിറ്റ് സമ്പാദിച്ച പണം കൊണ്ട് നാന്‍ഹെ പണ്ഡിറ്റ് അവളെ കൂടെ കൊണ്ടുപോയതായി താന്‍ സംശയിക്കുന്നു,”- രാജു പരാതിയില്‍ പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യാചകന്റെ ഗ്രാമത്തില്‍ യുവതിയുണ്ടെന്ന് വ്യക്തമായി. യുവതിയെ കണ്ടെത്തിയെന്നും മൊഴി രേഖപ്പെടുത്തിവരികയാണെന്നും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ശില്‍പ കുമാരി പറഞ്ഞു.