കാസര്‍കോട്: പ്രമുഖ ഹൈക്കോടതി അഭിഭാഷകനും സി.പി.എം നേതാവുമായിരുന്ന പികെ മുഹമ്മദ്(80) അന്തരിച്ചു. തിങ്കളാഴ്ച രാത്രി കൊച്ചിയിലെ വസതിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് കാസര്‍കോട് ചെട്ടുംകുഴിയിലെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് ചെട്ടുംകുഴിയിലെ പള്ളിയില്‍ ഖബറടക്കും.
എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിയായ മുഹമ്മദ് 1962 ലാണ് കാസര്‍കോട് എത്തിയത്. തൊഴിലന്വേഷിച്ച് എത്തിയ അദ്ദേഹം കാസര്‍കോട് ബസ് സ്റ്റാന്‍ഡിനടുത്തെ ബദരിയ ഹോട്ടലില്‍ എത്തുകയും ഹോട്ടലുടമ ബദിരിയ അബ്ദുല്‍ ഖാദര്‍ ഹാജിയോട് തൊഴില്‍ തേടുകയും ചെയ്തു. ഹോട്ടല്‍ പണിയില്‍ സത്യസന്ധതയും ആത്മാര്‍ഥതയും പ്രകടിപ്പിച്ച പികെ മുഹമ്മദിനോട് അനുകമ്പ തോന്നിയ അദ്ദേഹം മുഹമ്മദിനെ പഠനത്തിന് അയക്കുകയും നിയമ പഠനം നടത്തിക്കുകയും ചെയ്തു. പഠനം പൂര്‍ത്തിയക്കിയ ശേഷം കാസര്‍കോട്ട് അഭിഭാഷകനായി അദ്ദേഹം പ്രാക്ടീസ് ആരംഭിച്ചു. ഒപ്പം രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്നു. അക്കാലത്ത് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കള വാര്‍ഡില്‍ ചെര്‍ക്കളം അബ്ദുള്ളയെ വന്‍ ഭൂരിപക്ഷത്തിന് സിപിഎം സ്ഥാനാര്‍ഥിയായ ഇദ്ദേഹം പരാജയപ്പെടുത്തിയിരുന്നു. കാസര്‍കോട്ടെ പ്രമാദമായ വരദരാജപൈ കൊലക്കെതിരെ നടന്ന തൊഴിലാളി പ്രക്ഷോഭത്തില്‍ മുഹമ്മദ് നേതൃസ്ഥാനത്തുണ്ടായിരുന്നു. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. പിന്നീട് കാസര്‍കോട് ഗവ.കോളേജിനടുത്ത് വക്കീല്‍ ഓഫീസ് തുറന്ന് സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചിരുന്നു. ആ ഓഫീസ് ഇപ്പോഴും നിലവിലുണ്ട്. ഈ ഓഫീസിന്റെ ചുമതല മരുമകന്‍ പ്രമുഖ അഭിഭാഷകന്‍ സിഎന്‍ ഇബ്രാഹീമിനാണ്. പികെ മുഹമ്മദ് 25 വര്‍ഷമായി ഹൈക്കോടതി അഭിഭാഷകനായി തുടരുകയായിരുന്നു. ബദിരിയ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മരുമകള്‍ റുഖിയാബിയാണ് ഭാര്യ. മക്കള്‍: യാസ്മിന്‍, മുനീര്‍, നിസാര്‍.