വേണ്ടാത്തത് വലിച്ചെറിയുക. എങ്ങോട്ട്? പുറത്തേക്ക്; അതായത് പൊതുസ്ഥലങ്ങളിലേക്ക്. അത് പാടില്ല. പിന്നെ എന്തു ചെയ്യണം? മാലിന്യമുക്ത വാരാചരണത്തോടെ വ്യക്തമാകും.
ജനുവരി ഒന്നു മുതല്‍ ഏഴു വരെയാണ് പരിപാടി-ബോധവല്‍ക്കരണം. മാലിന്യമുക്തമായ നവകേരളം സൃഷ്ടിക്കുക-ആത്യന്തികലക്ഷ്യം.
വാര്‍ത്ത വായിച്ചപ്പോള്‍ പഴയൊരനുഭവം ഓര്‍മ്മയിലെത്തി. പത്ത് പതിനഞ്ച് കൊല്ലം മുമ്പാണ്. പ്രഭാത സഞ്ചാരത്തിനിടയിലുണ്ടായത്; പിന്നില്‍ നിന്നും വന്ന ഒരു ബൈക്ക് കടന്നു പോയപ്പോള്‍ അതില്‍ നിന്നും ഒരു ചാക്ക് കെട്ട് തെറിച്ചുവീണു. യാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടില്ല എന്ന് തോന്നി. ഒച്ചയുയര്‍ത്തി ശ്രദ്ധ ക്ഷണിക്കാന്‍ ശ്രദ്ധിച്ചിട്ടും ഫലമുണ്ടായില്ല. അയാള്‍ തിരിഞ്ഞു നോക്കാതെ പോയി. പാതയോരത്ത് വീണു കിടക്കുന്ന ചാക്ക് കെട്ട് അവിടെ ഉപേക്ഷിച്ച് പോകുന്നതെങ്ങനെ? എവിടെ എടുത്തു വെക്കും? എന്റെ ആശയക്കുഴപ്പം മനസ്സിലാക്കി, പിന്നാലെ വന്നയാള്‍ പറഞ്ഞു: അതവിടെത്തന്നെ കിടന്നോട്ടെ. അയാള്‍ വലിച്ചെറിഞ്ഞതല്ലേ? ഇപ്പോഴെത്തും അതിന്റെ അവകാശികള്‍. വേണ്ടത് എടുത്തു കൊള്ളും. എനിക്കൊന്നും മനസ്സിലായില്ല. അയാള്‍ വ്യക്തമാക്കിത്തന്നു.
വീട്ടിലുണ്ടായിരുന്ന, വേണ്ടാത്ത സാധനങ്ങള്‍ അയാള്‍ ചാക്കില്‍ക്കെട്ടി വലിച്ചെറിഞ്ഞതാണ്. സ്വന്തം പറമ്പില്‍ കളയുന്നതെങ്ങനെ? മലിന വസ്തുക്കളല്ലേ? അതു കൊണ്ട് ആരാന്റെ പറമ്പിലിട്ടാല്‍ അവര്‍ പിണങ്ങില്ലേ? പൊതു ഇടങ്ങളിലേക്ക് തള്ളാം. ചോദിക്കാനും പറയാനും ആളില്ലല്ലോ. ശല്യമൊഴിഞ്ഞു. ഒഴിവാക്കാന്‍ ഇതാണ് വഴി.
വലിച്ചെറിയുന്നത് പഴം, പച്ചക്കറികളുടെ അവശിഷ്ടങ്ങളാകാം; മിച്ചം വന്ന ഭക്ഷ്യവസ്തുക്കളാകാം. ആവശ്യമില്ലാത്തത് എന്തും ഒഴിവാക്കാന്‍ ഇതാണ് മാര്‍ഗം: എങ്ങോട്ടെങ്കിലും പോകുമ്പോള്‍ കൊണ്ടു പോയി ആരും ശ്രദ്ധിക്കാത്തിടത്തേക്ക് വലിച്ചെറിയുക. പലര്‍ക്കും പ്രഭാതസവാരി ഇതിനുള്ള അവസരമാണ്. അലഞ്ഞു നടക്കുന്ന കന്നുകാലികളും നായകളും അവയ്ക്കാവശ്യമുള്ളത് കണ്ടെത്തും. ബാക്കിയുള്ളത് പിന്നെയും കിടക്കും മറ്റൊരിടത്ത്. ഇതെല്ലാമാണ് തെരുവ് മാലിന്യങ്ങള്‍-രോഗാണുക്കളുടെ പ്രഭവസ്ഥാനങ്ങള്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ശുചീകരണം നടത്തേണ്ടത്. ശുചീകരണത്തൊഴിലാളികള്‍ ആവശ്യത്തിന് ഇല്ല ഒരിടത്തും. ഉള്ളവര്‍ക്കാകട്ടെ ജോലി ഭാരവും. ഉറവിടത്തില്‍ത്തന്നെ മാലിന്യനിര്‍മ്മാര്‍ജ്ജനം നടത്തിയാല്‍ പരിഹാരമാകും.
സ്ഥാനം തെറ്റിയ സമ്പത്താണ് മാലിന്യം എന്ന് പറയാറുണ്ട്. ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളം. പുനരുപയോഗ സാധ്യതയുള്ളവ കണ്ടെത്തി അങ്ങനെ ഉപയോഗിക്കാം. പിന്നീട് ശല്യമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൂരക്കാഴ്ചയോടെ ആസൂത്രണം ചെയ്യണം.
പാഴ് വസ്തുക്കള്‍ തരംതിരിച്ച് പുനരുപയോഗ സാധ്യതയുണ്ടോ എന്ന് കണ്ടെത്തണം. മാസത്തിലൊരിക്കല്‍ വരുന്ന ഹരിതസേനയുമായി സഹകരിക്കുക. പാഴ് വസ്തുക്കള്‍ തരംതിരിച്ച് അവരെ ഏല്‍പ്പിക്കുക. ഗാര്‍ഹിക മാലിന്യങ്ങള്‍ അതേപടി കെട്ടിക്കൊണ്ടുപോയി തരംതിരിക്കുക എളുപ്പമല്ല. ഉറവിടങ്ങളില്‍ത്തന്നെ തരം തിരിക്കണം. അതിനുള്ള സംവിധാനം ഒരുക്കണം.
മാലിന്യപ്രശ്നം രൂക്ഷമായപ്പോള്‍, ഒരു പൊതുതാല്‍പര്യഹര്‍ജിയില്‍ സുപ്രിം കോടതി 1996ല്‍ കല്‍ക്കത്ത കോര്‍പ്പറേഷന്‍ കമ്മീഷണറായിരുന്ന ഡോ. അസിംദേവ് ബര്‍മ്മനെ അന്വേഷണക്കമ്മീഷനായി നിയോഗിക്കുകയുണ്ടായി. കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം പലതും ചെയ്തു. അതിലൊന്ന് മാലിന്യങ്ങളുടെ തരംതിരിക്കല്‍ സംബന്ധിച്ചായിരുന്നു. അടപ്പുള്ള മൂന്ന് ബക്കറ്റുകള്‍ ഓരോ വീട്ടിലും. ഓരോ തരം പാഴ് വസ്തുക്കളും ഓരോന്നില്‍. ആഴ്ചതോറും അല്ലെങ്കില്‍, മാസം തോറും അവ ശേഖരിച്ച് പുനരുപയോഗ സാധ്യത നോക്കി കൈകാര്യം ചെയ്യുക. കാര്യക്ഷമമായി നടന്നു കുറേക്കാലം.
നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ തുടക്കം കുറിച്ച പദ്ധതി-മാലിന്യമുക്ത നവകേരള നിര്‍മ്മാണം-ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ഇതെല്ലാമാണത്രെ. ആദ്യം ബോധവല്‍ക്കരണം. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സേവന സന്നദ്ധതയുള്ള യുവജന കൂട്ടായ്മകളും റസിഡന്റ്സ് അസോസിയേഷനുകളും മറ്റും സഹകരിക്കുക. കലാസാംസ്‌കാരിക സംഘടനകള്‍ക്കും പലതും ചെയ്യാന്‍ കഴിയും.
പതിവുപോലെ ‘ആരംഭശൂരത്വം’ ആകരുത്. വാരാചരണം കൊണ്ട് തീരാന്‍ പാടില്ല നവകേരള സൃഷ്ടി. ഏഴാം തിയതിക്ക് ശേഷവും ഓര്‍മ്മയിലുണ്ടാകണം. അതായത് മാലിന്യത്തോടൊപ്പം പദ്ധതിയും വലിച്ചെറിയരുത്. ഒരു സംശയം: വിളപ്പില്‍ശാലയും ലാലൂരും ഞെളിയല്‍ പറമ്പും തൊട്ടില്‍പലവും മറ്റും ഇപ്പോഴും ഉണ്ടോ? കൊട്ടിഘോഷിച്ച മാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രങ്ങളായിരുന്നുവല്ലോ ഒരു കാലത്ത്; നമ്മുടെ സ്വന്തം കേളുഗുഡ്ഡയുടെ വഴിക്ക് പോയോ? തദ്ദേശീയര്‍ പൊറുതി മുട്ടി എതിര്‍ത്തപ്പോള്‍ (എതിര്‍പ്പിനു കാരണം കാര്യക്ഷമതയുടെ പോക്ക് തന്നെ) അടുത്ത പഞ്ചായത്തില്‍
സ്ഥലം കണ്ടെത്തി; കരാറുണ്ടാക്കി എന്നു കേട്ടു. അതെന്തായി? നഗരത്തിന് പാങ്ങും മൊഞ്ചും ഉണ്ടാക്കാന്‍ നോക്കുന്നവര്‍ ഒന്നും പറയുന്നില്ല. അനുഭവം തന്നെ പരമഗുരു. അതു കൊണ്ട് സംശയം തോന്നുന്നതാണ്.
‘ബോധിവൃക്ഷത്തില്‍ പറ്റി നില്‍ക്കേണ്ട,
ബോധമുള്ളിലുദിക്കുമെന്നാകില്‍
കാല്‍വരിക്കുന്നിന്റെ കഥ പറയേണ്ടാ,
കാണിനേരം മനുഷ്യരാമെന്നാല്‍!’
(ഡോ. അയ്യപ്പപ്പണിക്കരുടെ വരികള്‍ ഓര്‍ക്കുക)
നവകേരളം സൃഷ്ടിക്കാനൊരുങ്ങുന്നവര്‍ കേട്ടിട്ടുണ്ടോ?