ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത് 15 ശതമാനം; നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍, ഇനി ചിലവേറിയ യാത്ര

ബംഗളൂരു: കര്‍ണാടകയില്‍ പുതിയ ബസ് ചാര്‍ജ് പ്രാബല്യത്തില്‍ വന്നു. 15 ശതമാനമാണ് ചാര്‍ജ് കൂട്ടിയത്.
കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി), നോര്‍ത്ത് വെസ്റ്റ് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍ഡബ്ല്യുകെആര്‍ടിസി), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെകെആര്‍ടിസി), ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) എന്നിവ നടത്തുന്ന എല്ലാ ബസുകളെയും ഈ വര്‍ദ്ധനവ് ബാധിക്കും.
കര്‍ണാടക ആര്‍ടിസിയുടെ കേരളത്തിലേക്കുള്ള സംസ്ഥാനാന്തര സര്‍വീസുകളിലെ നിരക്ക് 100-120 രൂപ വരെ കൂടും. എസി സര്‍വീസുകളില്‍ 5% ജിഎസ്ടി ഉള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്കിലും മാറ്റം വരും. സാരിഗെ എക്‌സ്പ്രസ്, രാജഹംസ, ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍, അംബാരി ഉത്സവ് എസി സ്ലീപ്പര്‍, എസി അംബാരി സ്ലീപ്പര്‍ എന്നിവയാണ് കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍ടിസി സര്‍വീസുകള്‍. ഓണ്‍ലൈനില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്ക് വര്‍ധന ബാധകമാകില്ല.
കേരള ആര്‍ടിസിയുടെ ബംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കുള്ള ബസുകളിലെ ടിക്കറ്റ് നിരക്കും 15% കൂടും. സംസ്ഥാന അതിര്‍ത്തി മുതല്‍ കര്‍ണാടകയില്‍ ഓടുന്ന ദൂരത്തിനനുസരിച്ചാണ് നിരക്ക് വര്‍ധിപ്പിക്കുക. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ഗതാഗതക്കരാര്‍ പ്രകാരം ഇത്തരത്തില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്. ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് പുതിയ നിരക്ക് ഈടാക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ശക്തി പദ്ധതി പ്രകാരം സ്ത്രീകള്‍ക്കുള്ള യാത്രാസൗജന്യം തുടരും. കര്‍ണാടക ആര്‍ടിസിയുടെ ഓര്‍ഡിനറി, എക്‌സ്പ്രസ്, ബിഎംടിസിയുടെ നോണ്‍ എസി ബസുകളിലാണ് സംസ്ഥാനത്ത് തിരിച്ചറിയല്‍ കാര്‍ഡുള്ള സ്ത്രീകള്‍ക്ക് യാത്രാസൗജന്യം അനുവദിക്കുന്നത്. അതേസമയം
സംസ്ഥാനത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കര്‍ണാടക സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.നടരാജ് ശര്‍മ പറഞ്ഞു. ശക്തി പദ്ധതി ആരംഭിച്ചതോടെ സ്വകാര്യ ബസുകള്‍ കനത്ത നഷ്ടത്തിലാണ് സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതോടെ കൂടുതല്‍ പുരുഷ യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷയെന്നും നടരാജ് പറഞ്ഞു
പുതിയ വിലനിര്‍ണ്ണയ ഘടന പ്രതിമാസ വരുമാനം 74.85 കോടി രൂപ വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. നാല് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെയും വാര്‍ഷിക വരുമാനം 1,052 കോടി രൂപയായി ഉയരും. അഞ്ച് വര്‍ഷമായി ആഡംബര ബസ് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണെന്നും ഈ വര്‍ധനവ് ജനറല്‍ ബസുകള്‍ക്ക് തുല്യമാണെന്ന് ഉറപ്പാക്കുമെന്നും കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ വി അന്‍ബു കുമാര്‍ പറഞ്ഞു.
ബംഗളൂരു സിറ്റി ബസുകളുടെ നിരക്ക് 1 രൂപ മുതല്‍ 3 രൂപ വരെ വര്‍ദ്ധിക്കും. നിരക്ക് 5 രൂപ മുതല്‍ 6 രൂപ വരെ, 10 രൂപ മുതല്‍ 12 രൂപ വരെ, 20 രൂപ മുതല്‍ 23 രൂപ വരെ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി വര്‍ദ്ധിക്കും. ബംഗളൂരു-മംഗളൂരു റൂട്ടിന്റെ നിരക്ക് 423 രൂപയില്‍ നിന്ന് 453 രൂപയും ബെംഗളൂരു-ഉഡുപ്പി റൂട്ടില്‍ 490 രൂപയില്‍ നിന്ന് 516 രൂപയും ആയി ഉയരും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം എസ്.എ.ടി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കു ചൊറിച്ചല്‍; സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിലുള്ള പ്രതിഷേധമെന്നു കരുതിയിരുന്ന നാട്ടുകാര്‍ക്ക് തെറ്റി; കാരണക്കാര്‍ കമ്പിളിപ്പുഴുക്കളെന്ന് ആരോഗ്യ വകുപ്പ്
ഒന്നരവര്‍ഷമായി സെക്രട്ടറിയുള്‍പ്പെടെ ആറു ജീവനക്കാരില്ലാത്ത മധൂര്‍ പഞ്ചായത്തില്‍ അടുത്തിടെ നിയമിച്ച സെക്രട്ടറിയെ ഒരാഴ്ചക്കുള്ളില്‍ സ്ഥലം മാറ്റി; ഭരണസമിതി പ്രതിഷേധത്തെത്തുടര്‍ന്നു സ്ഥലംമാറ്റം മരവിപ്പിക്കാമെന്നു ജെ.ഡി.യുടെ ഉറപ്പ്

You cannot copy content of this page