കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ പ്രസിഡന്റ് പി എന്‍ പ്രസന്നകുമാര്‍(74) അന്തരിച്ചു. പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ചെക്കോസ്ലോവാക്യയിലെ പ്രാഗില്‍ നിന്നും ജേര്‍ണലിസത്തില്‍ ഫെലോഷിപ്പ് നേടി. കേരള യൂണിവേഴ്സിറ്റി യൂണിയന്‍ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു. കെ.എസ്.യു ജില്ലാ ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 1974 ല്‍ വീക്ഷണം വാരിക പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ പത്രാധിപസമിതിയില്‍ ചേര്‍ന്നു. പിന്നീട് വീക്ഷണം പത്രം പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായും പിന്നീട് ചീഫ് റിപ്പോര്‍ട്ടറുമായി. വീക്ഷണം സീനിയര്‍ ഡപ്യൂട്ടി എഡിറ്ററായി വിരമിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിലേക്ക് രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊച്ചിന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവും, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് അംഗം എന്നീ പദവികള്‍ വഹിച്ചു. എറണാകുളം ടെലികോം ഉപദേശക സമിതിയിലും, പിന്നീട് സംസ്ഥാന ടെലിക്കോം ഉപദേശക സമിതിയിലും അംഗമായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ഡിസിസി ട്രഷറര്‍, കെപിസിസി നിര്‍വാഹക സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം രൂപീകൃമായതു മുതല്‍ അതില്‍ സജീവമായിരുന്നു. ഫോറത്തിന്റെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു. എറണാകുളം അയ്യപ്പന്‍കാവ് പൊരുവേലില്‍ പരേതനായ നാരായണന്റെ മകനാണ്. ഭാര്യ: രജനി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് അധ്യാപികയായി വിരമിച്ചു. മക്കള്‍: അശ്വിന്‍(ജപ്പാന്‍), അശ്വിനി(കാനഡ), ഐശ്വര്യ (സിംഗപ്പൂര്‍). സഹോദരങ്ങള്‍: പി.എന്‍. അപ്പുക്കുട്ടന്‍ (റിട്ട. പ്രിന്‍സിപ്പല്‍, കേന്ദ്രീയ വിദ്യാലയ, മോസ്‌കോ, റഷ്യ) പി.എന്‍. ജോയി (റിട്ട. ഉദ്യോഗസ്ഥന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്) യൂത്ത് കോണ്‍ഗ്രസ് നേതാവ് ദീപക് ജോയി സഹോദര പുത്രനാണ്.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/inbound8354479527402070618.jpg)