കണ്ണൂര്‍: ജയിലില്‍ നിന്നു ഇറങ്ങി മൂന്നു മാസത്തിനുള്ളില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട്, താമരശ്ശേരി, കക്കാട് സ്വദേശിയും പനമരത്ത് താമസക്കാരനുമായ ചാമ്പപ്പുരയില്‍ സക്കറിയ (39)യെ ആണ് കൂത്തുപറമ്പ് എ.സി.പി എം. കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എം. അനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ പനമരത്തു വച്ചാണ് അറസ്റ്റ്. ഡിസംബര്‍ 21ന് രാത്രി മട്ടന്നൂരിലെ മാനു സ്റ്റോര്‍ കുത്തിത്തുറന്ന് 67,000 രൂപ കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും നിരവധി ഫോണ്‍ കോളുകളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നേരത്തെ നടന്ന കവര്‍ച്ചാ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സക്കറിയ കഴിഞ്ഞ സെപ്തംബര്‍ 20നാണ് കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. കോഴിക്കോട്, മലപ്പുറം, പുല്‍പ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയ സക്കറിയ നേരത്തെ കണ്ണൂര്‍ വിയ്യൂര്‍ ജയിലുകളിലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.