തിരുവനന്തപുരം∙ തിരുവനന്തപുരം–കാസർകോട് വന്ദേഭാരതിനുള്ള 20 കോച്ചുള്ള പുതിയ റേക്ക് കേരളത്തിലെത്തി. ഓറഞ്ച് നിറത്തിലുള്ള റേക്കാണ് ലഭിച്ചിരിക്കുന്നത്. പുതിയ റേക്ക് ഉപയോഗിച്ചുള്ള തിരുവനന്തപുരം–കാസർകോട് സർവീസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം – കാസർകോട് റൂട്ടിൽ സെമി ഹൈസ്പീഡ് ട്രെയിൻ ഓടിത്തുടങ്ങിയതുമുതൽ മികച്ച പ്രതികരണമാണ് ട്രെയിനിന് ലഭിച്ചത്. ട്രെയിനിൽ ടിക്കറ്റ് കിട്ടാനില്ലെന്ന പരാതി മാത്രമാണ് പിന്നീടിങ്ങോട്ടുള്ള ദിവസങ്ങളിൽ കേൾക്കാനുണ്ടായ്ത്. ഇപ്പോഴിതാ വന്ദേ ഭാരത് യാത്രക്കാർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി പുറത്തുവരികയാണ്.
20 കോച്ചുകളിലായി 1440 പേർക്കു സഞ്ചരിക്കാൻ കഴിയും. 16 കോച്ചുകളുള്ള ട്രെയിനിൽ 1128 സീറ്റുകളാണ് ഉണ്ടായിരുന്നത്. 18 ചെയർ കാർ കോച്ചുകളും 2 എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളുമാണു 20 കോച്ച് ട്രെയിനുകളിൽ നിലവിലുള്ളത്. കാസർകോട്–തിരുവനന്തപുരം വന്ദേഭാരതിലും ഇതേ കോച്ച് ക്രമത്തിനാണു സാധ്യത.
ഒഴിവാക്കുന്ന 16 കോച്ചുകളുള്ള ട്രെയിൻ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം–മംഗളൂരു സർവീസിന് ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോൾ ഈ ട്രെയിനിൽ 8 കോച്ചുകളാണുള്ളത്.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/inbound8901590054137039120.jpg)