കൊച്ചി: കാസര്‍കോട്, പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും
2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനടക്കം 4 സിപിഎം നേതാക്കള്‍ക്കു 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. എറണാകുളം സിബിഐ കോടതി ജഡ്ജ് ശേഷാദ്രിനാഥ് ആണ് ശിക്ഷാവിധി പ്രസ്താവിച്ചത്. ഒന്നാം പ്രതിയും സിപിഎം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ.പീതാംബരന്‍, രണ്ടാം പ്രതി സജി സി ജോര്‍ജ്, മൂന്നാം പ്രതി കെ എം സുരേഷ്, നാലാം പ്രതി കെ അനില്‍കുമാര്‍, അഞ്ചാം പ്രതി ഗിജിന്‍, ആറാം പ്രതി ആര്‍ ശ്രീരാഗ്, ഏഴാം പ്രതി അശ്വിന്‍ എന്ന അപ്പു, എട്ടാം പ്രതി സുബീഷ് എന്ന മണി, പത്താം പ്രതി ടി. രഞ്ജിത്ത് എന്ന അപ്പു, പതിനഞ്ചാം പ്രതി എ സുരേന്ദ്രന്‍ എന്ന വിഷ്ണുസുര എന്നിവരെയാണ് ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പത്താം പ്രതി ടി രഞ്ജിത്ത്, പതിനഞ്ചാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ കൊലക്കുറ്റത്തിന് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തിയിരുന്നു. കേസിലെ 14ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളാ, 22ാം പ്രതി കെ വി ഭാസ്‌കരന്‍ എന്നിവരെയും അഞ്ചുവര്‍ഷം തടവിനും ആയിരം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കൊടുക്കാനും ഉത്തരവായി. 2019 ഫെബ്രുവരി 17ന് രാത്രി 7.45 മണിയോടെ കല്യോട്ട്- തന്നിത്തോട് റോഡില്‍ വച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ഇരട്ടക്കൊലക്കേസ് സുപ്രിംകോടതി വിധിയെ തുടര്‍ന്നാണ് സിബിഐ അന്വേഷിച്ചത്. 24 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 10 പേരെ കുറ്റക്കാരല്ലെന്നു കരുതി വെറുതെ വിട്ടിരുന്നു.