Author: കൂക്കാനം റഹ്‌മാന്‍
ചിന്തനീയമാണ് ഈ വിഷയം. സൗഹൃദങ്ങള്‍ എപ്പോഴും നമുക്ക് സന്തോഷം നല്‍കുന്നവയാണ്. ആണായാലും പെണ്ണായാലും നല്ല സൗഹൃദങ്ങള്‍, ജീവിതത്തിന് ഒരു വിളക്ക് പോലെയാണ്. തളരുമ്പോള്‍ താങ്ങാനും സങ്കടങ്ങള്‍ പങ്കുവെക്കാനും സന്തോഷങ്ങളില്‍ ചേര്‍ന്നിരിക്കാനും കഴിയുന്ന സൗഹൃദങ്ങള്‍ ഉണ്ടാകുന്നത് നല്ല കാര്യമാണ്.
പക്ഷേ ചില സൗഹൃദങ്ങള്‍ അവരവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉള്ളതാവാറുണ്ട്. അങ്ങനെയുള്ള സൗഹൃദ വലയങ്ങളില്‍ പെട്ട് മാനസിക ബുദ്ധിമുട്ട് നേരിട്ട ചില സുഹൃത്തുക്കള്‍ പങ്കുവെച്ച കാര്യമാണ് ഇവിടെ കുറിക്കുന്നത്. അനുഭവത്തിന്റെ വെളിപ്പെടുത്തലുകളാകുമ്പോള്‍ വ്യക്തികള്‍ക്ക് അസ്വാരസ്യമുണ്ടാക്കുമെന്നറിയാവുന്നത് കൊണ്ട് വ്യക്തികളെ വെളിപ്പെടുത്തുന്നില്ല. പിന്നെന്തിനാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ എന്ന ചോദ്യമുയരാം.
സമൂഹത്തിന്റെ ബോധ്യങ്ങളെക്കുറിച്ച് പരസ്പരം അറിയാമല്ലോ എന്ന ആഗ്രഹം മാത്രമെ ഈ കുറിപ്പിന് പിന്നിലുള്ളു.
ആദ്യത്തെ സുഹൃത്ത് പറഞ്ഞ അനുഭവം: ‘ഞാന്‍ കാണുമ്പോള്‍ ഇല്ലായ്മകള്‍ക്കിടയില്‍ കിടന്ന് ജീവിതം ഇരുതല മുട്ടിക്കാന്‍ പാടുപെടുന്നവളായിരുന്നു അവള്‍. സത്യസന്ധമായി തന്നെ എനിക്ക് മുന്നില്‍ അവള്‍ കഷ്ടപ്പാടുകളുടെ ഭാണ്ഡമഴിച്ചു. വിവാഹിതയാണെങ്കിലും ഭര്‍തൃ പരിചരണം കിട്ടാത്തവള്‍. സ്ത്രീ സുഹൃത്തുക്കളുമായി അഴിഞ്ഞാട്ടം നടത്തുന്നവനാണ് ഭര്‍ത്താവ്. എല്ലാം കൂടി താങ്ങാന്‍ വയ്യാത്ത സ്ഥിതി വന്നപ്പോള്‍ ഇനി ആത്മഹത്യയാണ് പോം വഴിയെന്ന് അവള്‍ കരുതി. ജീവിതമവസാനിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. മകളെ ഉറക്കിക്കിടത്തിയ അതേ മുറിയില്‍ കയര്‍ കുരുക്കി അവസാനിക്കാമെന്ന് കരുതി. പക്ഷെ ഒപ്പം കിടന്നുറങ്ങിയ മകള്‍ പെട്ടന്ന് ഞെട്ടിയുണര്‍ന്നു. ആ കാഴ്ച കണ്ട മകള്‍ നിലവിളിച്ചു. അതോടെ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് അവള്‍ പിന്‍വാങ്ങി. കഥ കേട്ടപ്പോള്‍ എനിക്കവളോട് എന്തോ വല്ലാത്ത കനിവ് തോന്നിപ്പോയി.
അവളെ രക്ഷപ്പെടുത്താന്‍ ഞാനെന്റെ സ്വാധീനമുപയോഗിച്ച് ഒരു സ്ഥാപനത്തില്‍ ജോലി വാങ്ങിക്കൊടുത്തു.
അവളുടെ ജീവിതം പച്ചപിടിച്ചു തുടങ്ങി. സ്ഥാപനത്തില്‍ എത്തുന്ന പല പ്രമുഖ വ്യക്തികളുമായും അവള്‍ പരിചയത്തിലായി.
ഉന്നതസ്ഥാനീയരായ വ്യക്തികള്‍ വഴി കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന കമ്പനികളിലേക്ക് കൂടുമാറി.
ഒന്നുരണ്ടു വര്‍ഷം എന്നോട് കാര്യങ്ങള്‍ പറയുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി ഇപ്പോള്‍ വിവരമൊന്നും പറയാറില്ല. അവള്‍ ആടിത്തിമിര്‍ത്ത് ജീവിതമാസ്വദിക്കുന്നുണ്ടെന്ന് നവമാധ്യമങ്ങള്‍ വഴി അറിയുന്നുണ്ട്.
ജീവിതം വഴിമുട്ടിയപ്പോള്‍ പിടിച്ചു കയറ്റിയ വ്യക്തിയെ അവളിപ്പോള്‍ കണ്ട ഭാവം പോലും നടിക്കുന്നില്ല.
അയാള്‍ ദീര്‍ഘശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി. ഇനി മറ്റൊരാള്‍ പറഞ്ഞൊരനുഭവം ശ്രദ്ധിക്കൂ.
‘അന്യസംസ്ഥാനത്തു നിന്ന് കേരളത്തിലെ ഒരു പ്രമുഖന്റെ വീട്ടു ജോലിക്കു ആരോ അവളെ എത്തിച്ചു കൊടുത്തതാണ്. അവിടെ മാനസിക ശാരീരിക പീഡനങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറത്തെത്തിയപ്പോള്‍ രക്ഷപെട്ടാണ് അവള്‍ എന്റെ അടുത്തെത്തിയത്. സാമൂഹ്യ രംഗത്തെ പ്രവര്‍ത്തനാനുഭവം കൊണ്ട് എനിക്ക് പലരുമായും അടുപ്പമുണ്ട്. അതില്‍ പെട്ട ഒരാള്‍ക്ക് അല്‍പം ശാരീരിക പ്രയാസമുള്ള തന്റെ ഭാര്യയെ സഹായിക്കാന്‍ ഒരു സ്ത്രീയെ കിട്ടുമോയെന്ന് എന്നോട് അന്വേഷിച്ചിരുന്നു. അക്കാര്യം ഓര്‍മ്മയില്‍ വന്നപ്പോള്‍ അയാളെ വിളിച്ചു വരുത്തി കാര്യം സംസാരിച്ചു. നേരിട്ടു അദ്ദേഹത്തിന്റെ വീട്ടിലേക്ക് അവളെ പറഞ്ഞു വിട്ടില്ല. എന്റെ വീട്ടില്‍ രണ്ടാഴ്ചയോളം അവളെ പാര്‍പ്പിച്ചു. അവള്‍ സമര്‍ത്ഥയാണെന്നും സത്യസന്ധയാണെന്നും എനിക്ക് ബോധ്യമായി. ആ ബോധ്യം വെച്ചു കൊണ്ട് മനുഷ്യസ്‌നേഹിയും സമൂഹം അംഗീകരിക്കുന്ന വ്യക്തിയുമായ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുചെന്നാക്കി. സമൂഹത്തിലെ പല മാന്യ വ്യക്തികളും അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലാറുണ്ട്. അവരൊക്കെ വീട്ടിലെ സഹായിയായി പ്രവര്‍ത്തിക്കുന്ന ഈ സ്ത്രീയെ കാണുകയും അവളുടെ പ്രവര്‍ത്തനത്തെ അംഗീകരിക്കുകയും ചെയ്യാറുണ്ട്. ഭാര്യയുടെ അസുഖം മാറിക്കിട്ടിയാല്‍ ഇവളുടെ സേവനം വിട്ടു തരുമോ എന്ന് അയാളുടെ സുഹൃത്തുക്കള്‍ അന്വേഷിക്കാറുണ്ട്. അവള്‍ എവിടെ പോകാനും തയ്യാറായിരുന്നു. വയസ്സ് 25 കഴിഞ്ഞു. അവിവാഹിതയാണ്. സ്വന്തം വീട്ടുകാരായി അവള്‍ക്കാരുമില്ല. ഒരു ട്രെയിന്‍ അപകടത്തില്‍ എല്ലാവരും മരിച്ചു പോയിരുന്നു. ഇവള്‍ മാത്രം അത്ഭുതകരമായി രക്ഷപെട്ടതാണ്. അകന്ന ബന്ധത്തില്‍ പെട്ട ആരോ എടുത്തു വളര്‍ത്തിയതാണ്.
പല ഉന്നത വ്യക്തികളുടെയും വീട്ടുജോലിക്കാരിയായി അവള്‍ പണിയെടുത്തു. ആരെയും വെറുപ്പിക്കാതെ സമര്‍ത്ഥമായി ജോലി ചെയ്യുകയും സാമ്പത്തികമായി ഉയര്‍ച്ച ഉണ്ടാവുകയും ചെയ്തു. ആദ്യമാദ്യം അവള്‍ എന്നെ കാണാന്‍ വരികയും സ്‌നേഹം പങ്കിടുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. കാലം പോകപ്പോകെ അവള്‍ ബന്ധപ്പെടുന്നത് കുറഞ്ഞുവന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ചെറിയൊരു വീടും സ്ഥലവും സ്വന്തമാക്കി. അവളെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല. വലിയൊരു അപകടത്തില്‍ നിന്ന് ഞാന്‍ അവളെ രക്ഷിച്ചതെന്ന ഓര്‍മ്മപോലും അവള്‍ക്കില്ല. അന്നത്തെ ദുര്‍ബ്ബലയായ പെണ്‍കുട്ടിയില്‍ നിന്ന് അവള്‍ സ്വയം ശക്തിയാര്‍ജിച്ചു കഴിഞ്ഞു. സഹായഹസ്തം നീട്ടിയ വ്യക്തിയെ വിസ്മരിക്കാന്‍ ഇവര്‍ക്കെങ്ങനെയാവുന്നു.? സ്ത്രീ സൗഹൃദത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഒരനുഭവം കൂടി പങ്കുവെക്കുന്നു
‘എന്റെ ഓഫീസില്‍ ഒരു സ്റ്റാഫിന്റെ ഒഴിവു വന്നപ്പോള്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചു.
നിരവധി അപേക്ഷകരുണ്ടായി. ഇന്റര്‍വ്യൂ നടന്നു. അര്‍ഹതപ്പെട്ടവര്‍ക്കേ അപ്പോയ്ന്‍മെന്റ് കൊടുക്കു എന്ന നിശ്ചയ ദാര്‍ഢ്യമുള്ള വ്യക്തിയായിരുന്നു ഞാന്‍. അന്നു വൈകിട്ടുമുതല്‍ പലരും വിളി തുടങ്ങി. അര്‍ഹത നോക്കി കൊടുക്കും എന്ന മറുപടിയാണ് എല്ലാവര്‍ക്കും നല്‍കിയത്. എന്റെ പഴയ കാല സഹപ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ വിളിച്ചു. അദ്ദേഹം എന്റെ ചെറുപ്പകാലത്തെ സഹപ്രവര്‍ത്തകനായിരുന്നു. അദ്ദേഹം ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഒരു സ്ത്രീയെ കുറിച്ചാണ് പറഞ്ഞത്. സുഹൃത്തായതിനാല്‍ അദ്ദേഹം പറയുന്നതെല്ലാം ശ്രദ്ധിച്ചു. വളരെ പാവപ്പെട്ട കുടുംബമാണ്. കഷ്ടപ്പെട്ടാണ് പഠിച്ചത്. ഒരു ജോലി കിട്ടിയില്ലെങ്കില്‍ വഴിമുട്ടും എങ്ങിനെയെങ്കിലും ആ സ്ത്രീയെ പരിഗണിച്ചേ പറ്റൂ എന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. നോക്കാമെന്ന് ഞാന്‍ മറുപടി പറയുകയും ചെയ്തു.
ഇന്റര്‍വ്യൂ ബോര്‍ഡ് അവള്‍ക്ക് മൂന്നാം റാങ്കാണ് നല്‍കിയത്. സഹതാപമര്‍ഹിക്കുന്ന ഒരു കേസായതിനാല്‍ മൂന്നാം റാങ്കുകാരിക്ക് നിയമന ഉത്തരവ് നല്‍കി. വളരെ ആത്മാര്‍ത്ഥമായും സത്യസന്ധമായും ആദ്യത്തെ മൂന്നു മാസക്കാലം ജോലി ചെയ്തു.
പക്ഷെ ക്രമേണ അവള്‍ക്ക് ഹുങ്ക് കൂടാന്‍ തുടങ്ങി. പ്രവൃത്തിയില്‍ അല്‍പം മന്ദത കാണപ്പെട്ടു. ചില പാകപ്പിഴകള്‍ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയപ്പോള്‍ അവളുടെ ഭാവം മാറി. അവള്‍ കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. അത് മുതല്‍ ഞാനും അവളെ അവഗണിച്ചു. അവള്‍ വിഷ ജന്തുവാണെന്നറിയാന്‍ അധികാലം വേണ്ടി വന്നില്ല. ഇല്ലാത്ത ലൈംഗികാപവാദം എന്റെ മേല്‍ ചുമത്താന്‍ അവള്‍ തയ്യാറായി. പ്രശ്‌നം വഷളായി തുടങ്ങി. ഞാന്‍ സ്ഥാപനം വേറൊരാള്‍ക്ക് കൈമാറി അവിടെ നിന്ന് രക്ഷപെടേണ്ടി വന്നു. പാല്‍ കൊടുത്ത കൈക്ക് കൊത്തുന്ന വിഷപ്പാമ്പുകളെന്നു പറഞ്ഞു കേട്ടിട്ടില്ലേ? അതുപോലെ പലരുമുണ്ടാവും.