കാസര്‍കോട്: മുളിയാര്‍, കാറഡുക്ക പഞ്ചായത്തുകളില്‍ പുലിപ്പേടി ഒഴിയുന്നില്ല. ഏതു സമയത്തും കാടിറങ്ങി പുലി എത്തിയേക്കാമെന്ന ഭീതി കാരണം ജനജീവിതം ദുസ്സഹാവസ്ഥയിലേക്ക് മാറുന്നു. ബുധനാഴ്ച രാത്രി ഏഴര മണിയോടെ കാറഡുക്ക പഞ്ചായത്തിലെ കര്‍മ്മന്തൊടി, അടുക്കത്തൊട്ടിയില്‍ പുലി വീട്ടുമുറ്റത്തെത്തി വളര്‍ത്തു നായയെ കടിച്ചു കൊണ്ടുപോയി. ഓട്ടോ ഡ്രൈവറായ രവിയാണ് വളര്‍ത്തു നായയെ പുലി കടിച്ചു കൊണ്ടു പോകുന്നത് കണ്ടത്. വിവരം ഉടന്‍ തന്നെ രവി പരിസരവാസികളെ അറിയിച്ചു. ആള്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. രാത്രി പത്തരമണിയോടെ പ്രദേശവാസികള്‍ സംഘടിച്ച് കര്‍മ്മന്തൊടിയിലുള്ള ഫോറസ്റ്റ് ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. ജീവനു സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി.
ഇരിയണ്ണിയില്‍ വ്യാഴാഴ്ച രാവിലെയാണ് പുലിയിറങ്ങിയത്. വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് പുലിയെ കണ്ടത്. ഒരു പുലി റോഡിനു കുറുകെ ഓടിയതായും മറ്റൊന്നിന്റെ അലര്‍ച്ച കേട്ടതായും വാഹനയാത്രക്കാരന്‍ നാട്ടുകാരെ അറിയിച്ചു. ഇതോടെ ഇരിയണ്ണിയിലും പരിസരങ്ങളിലും പുലിപ്പേടി കനത്തിട്ടുണ്ട്.
കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നതു പോലും ഭയത്തോടെയാണ്. നേരം ഇരുട്ടി തുടങ്ങിയാല്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും നാട്ടുകാര്‍ ഭയക്കുന്നു. ഇതുവരെ മുളിയാറിലും കാറഡുക്കയിലും പുലി മനുഷ്യരെ ആക്രമിച്ച സംഭവം ഉണ്ടായിട്ടില്ലെങ്കിലും പുലിപ്പേടി ജനങ്ങളുടെ സൈ്വരജീവിതം ഇല്ലാതാക്കിയിരിക്കുകയാണെന്നു നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
