കണ്ണൂര്‍: നഗരത്തിലെ നാലു കടകളില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്ത കേസുകളില്‍ പ്രതിയായ യുവതി അറസ്റ്റില്‍. സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തയ്യില്‍, ബി ബി ഹൗസില്‍ താമസക്കാരിയായ ഷംസീറ (36)യെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്‌ഐമാരായ ഷാമില്‍, വിന്‍സണ്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്. വസ്ത്രാലങ്ങളില്‍ തുണിത്തരങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി മൊബൈല്‍ ഫോണുകളുമായി കടന്നു കളയുകയാണ് യുവതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്റിലെ ഒരു വസ്ത്രാലയത്തില്‍ നടത്തിയ കവര്‍ച്ചയാണ് ഷംസീറയെ കുടുക്കിയത്. മകനുമായി കടയില്‍ എത്തിയ യുവതി നൈറ്റി ആവശ്യപ്പെട്ടു. വസ്ത്രങ്ങള്‍ എടുക്കാനായി കടയുടമ അകത്തേക്ക് പോയ നേരത്ത് മേശപ്പുറത്ത് വച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഷംസീറ കൈക്കലാക്കി. ഫോണ്‍ മോഷണം പോയ കാര്യം യുവതി പോയതിനു ശേഷമാണ് കടയുടമ മനോജിനു വ്യക്തമായത്. മനോജ് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസെത്തി സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മകനെയും കൂട്ടി പര്‍ദ്ദ ധരിച്ചെത്തിയത് ഷംസീറയാണെന്നു തിരിച്ചറിഞ്ഞത്. സമാനരീതിയില്‍ നഗരത്തിലെ മറ്റു രണ്ടു കടകളിലും കവര്‍ച്ച നടത്തിയതും ഷംസീറയാണെന്നു തെളിഞ്ഞതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ചെടുക്കുന്ന വിലകൂടിയ ഫോണുകള്‍ മലപ്പുറം, തിരൂരില്‍ എത്തിച്ച് തുച്ഛമായ വിലയ്ക്ക് വില്‍പ്പന നടത്തുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
