കാബൂള്‍: അഫ്ഗാനി സ്ത്രീകള്‍ക്ക് ജോലിനല്‍കുന്നതില്‍ വിലക്കേര്‍പ്പെടുത്തി താലിബാന്‍. ജോലിനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ദേശീയ, വിദേശ സന്നദ്ധസംഘടനകളും (എന്‍.ജി.ഒ.) പൂട്ടുമെന്ന് താലിബാന്റെ ഭീഷണി. ഉത്തരവ് അനുസരിക്കാത്ത എന്‍.ജി.ഒ.കളുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് എക്സില്‍ പങ്കുവെച്ച കത്തില്‍ താലിബാന്‍ ധനകാര്യമന്ത്രാലയത്തിന്റെ ഭീഷണി.
അഫ്ഗാനി സ്ത്രീകള്‍ക്ക് ജോലിനല്‍കരുതെന്ന് രണ്ടുവര്‍ഷം മുന്‍പ് താലിബാന്‍ എന്‍.ജി.ഒ.കളോടു നിര്‍ദേശിച്ചിരുന്നു. സ്ത്രീകള്‍ക്ക് മതം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം എന്‍ജിഓ കള്‍ ഉറപ്പുവരുത്തുന്നില്ല എന്നതാണ് ഭരണകൂടം കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്‍.ജി.ഒ.കളുടെ രജിസ്ട്രേഷനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് ധനമന്ത്രാലയമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അഫ്ഗാനിസ്താനില്‍ പൊതുവിടത്തിലെ സ്ത്രീകളുടെ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞുവെന്ന് താലിബാന്‍ ഉത്തരവിനോട് പ്രതികരിച്ച് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം സഹായ ഏജന്‍സികളെ തടസ്സപ്പെടുത്തുകയോ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ ചെയ്യുന്നുവെന്ന ആരോപണങ്ങള്‍ താലിബാന്‍ നിഷേധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സ്ത്രീകളെ കാണാവുന്ന രീതിയില്‍ കെട്ടിടങ്ങള്‍ക്ക് ജനലുകള്‍ ഉണ്ടാകരുതെന്ന വിചിത്ര ഉത്തരവ് താലിബാന്‍ നേതാവ് ഹൈബത്തുള്ള അഖുന്‍സാദ പുറത്തറക്കിയിരുന്നു. മുറ്റത്തേക്കോ അടുക്കളയിലേക്കോ തുറക്കുന്ന ജനലുകള്‍ ഉണ്ടാകരുതെന്നാണ് കല്‍പ്പന.പുതിയ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്ന മുനിസിപ്പാലിറ്റികള്‍ ഈ നിയമം പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.