പ്രിയപ്പെട്ടവളെ നീയെന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്, 365 ദിവസങ്ങള്‍ കഴിഞ്ഞു. വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ.
ദിവസങ്ങളും മാസങ്ങളുമൊക്കെ എത്ര പെട്ടെന്നാണല്ലേ കടന്നു പോകുന്നത്. ദാ, നീ ഇപ്പോള്‍ വിടപറയാന്‍ തയ്യാറായി നില്‍ക്കുകയാണ്. നിനക്കോര്‍മ്മയുണ്ടോ ആദ്യമായി നീയെന്റെ അരികിലെത്തിയ ദിവസം.
അതൊരു ഡിസംബറിലായിരുന്നു. നിന്നെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചതും താളുകള്‍ മറിച്ചു നോക്കിയതും, അക്ഷരങ്ങള്‍ കോറിയിടാന്‍ കൊതിച്ചതുമൊക്കെ ഇന്നലെ എന്നപോലെ തോന്നുന്നു. ജനുവരിയിലെ ആദ്യദിവസം, അന്ന് നല്ല തണുപ്പുള്ള, ഒരു രാത്രിയായിരുന്നു. അന്നാണ് ആദ്യമായി നിന്റെ താളുകളില്‍ എന്റെ തൂലികയിലെ മഷി പുരണ്ടത്.
അന്ന് മുതല്‍ ഇന്നോളം എന്റെ വേദനകളും സന്തോഷങ്ങളും സത്യസന്ധമായി നിന്നോട് പങ്കുവെച്ചിട്ടുണ്ട്.
എന്നെ ദ്രോഹിച്ചവരെ കഷ്ടപ്പെടുത്തിയവരെ ഭയപ്പെടുത്തിയവരെ അവഹേളിച്ചവരെ അങ്ങനെ പലരെ കുറിച്ചുമുള്ള ഓര്‍മകള്‍ നിന്റെ നെഞ്ചില്‍ ഞാനെഴുതി വെച്ചിട്ടുണ്ട്. അതില്‍ സ്‌നേഹിച്ചവരും ആദരിച്ചവരും അഭിനന്ദിച്ചവരും സഹായിച്ചവരും സഹകരിച്ചവരുമൊക്കെയുണ്ട്. രോഗവും മരുന്നും ആശുപത്രി വാസവും ഇടയ്ക്കിടെ നിന്നോട് പറഞ്ഞിട്ടുമുണ്ട്. സ്‌നേഹിതന്മാരും ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളും ചെയ്ത സഹായസഹകരണങ്ങളും നിന്നില്‍ കുറിച്ചു വെച്ചിട്ടുണ്ട്.
സാധാരണയായി 10.30നും 10.45നും ഇടക്കാണ് നിന്നെ എടുത്ത് മടിയില്‍ വെച്ച് കിന്നാരം പറയുകയും കണ്ണീരോടെ വേദന പങ്കിടുകയും ചെയ്യാറുള്ളത്. ദിനേനയുള്ള അനുഭവങ്ങള്‍ നിന്നോടായി പറഞ്ഞിട്ടില്ലെങ്കില്‍ മനസ്സിന് സ്വസ്ഥത കിട്ടില്ല.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തലശ്ശേരിക്കാരനായ സി വി ബാലകൃഷ്ണന്‍ മാഷാണ് നിങ്ങളുടെ സൗന്ദര്യത്തെക്കുറിച്ചും നന്മയെക്കുറിച്ചും പറഞ്ഞു പഠിപ്പിച്ചത്. അന്ന് തുടങ്ങിയതാണ് നിങ്ങളോടുള്ള കൗതുകം.
ഓരോ ജനുവരി ഒന്നിനും പുതിയ ഒരാളെ കൂട്ടിന് കൂട്ടും. ഡിസംബര്‍ 31ന് സ്‌നേഹപൂര്‍വ്വം വിട ചൊല്ലും.
എന്റെ ഡയറി കാമുകിമാരില്‍ പലതരക്കാര്‍ ഉണ്ടായിരുന്നു. തടിച്ചവരും നീണ്ടു മെലിഞ്ഞവരും മൊഞ്ചത്തികളും അങ്ങനെ പലരും വന്നു പോയി. എല്ലാവരെയും തുല്യരായി ഞാന്‍ പരിഗണിച്ചിട്ടുമുണ്ട്. അവരുടെ താളുകളിലെ ഇടങ്ങളവസാനിച്ചെങ്കിലും എന്റെ ഹൃദയം പകര്‍ത്തിയെഴുതിയ അവരെ ഉപേക്ഷിക്കാന്‍ എനിക്കാവാറില്ല.
അത് കൊണ്ട് തന്നെ സ്‌നേഹിച്ചും ലാളിച്ചും ആരെയും വിട്ട് കളയാതെ ഞാനിന്നും അലമാരികള്‍ക്കുള്ളിലെ ഇടുങ്ങിയ അറകളില്‍ എന്തിനെന്നറിയില്ലെങ്കിലും നിധി പോലെ സൂക്ഷിക്കുന്നുണ്ട്. ഇന്നിതാ നിന്റെ ഒടുവിലത്തെ താളും, അവസാനിക്കുകയാണ്. നാളെ പുതിയൊരാള്‍ വരും. പുതിയ പ്രതീക്ഷകള്‍ പുതിയ സ്വപ്നങ്ങള്‍ പുതിയ അനുഭവങ്ങള്‍ സങ്കടങ്ങള്‍ സന്തോഷങ്ങള്‍ അങ്ങനെ പലതും കടന്നു വരും. അത് പങ്കു വെക്കാന്‍ പുതിയൊരാളും.
അതിനാല്‍ ഈ രാത്രിയോടെ ഞാന്‍ നിന്നോട് വിട പറയുകയാണ്.
എന്നെങ്കിലും വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ
സ്വന്തം….