കുമ്പളയില്‍ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം ധ്രുതഗതിയില്‍; ശൗചാലയമടക്കമുള്ള വിശ്രമ കേന്ദ്രം ഒരുങ്ങി: ബസ് സ്റ്റാന്റില്‍ അനിശ്ചിതത്വം

കുമ്പള: പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ടൗണിലെ മൂന്ന് പ്രധാന വാഗ്ദാനങ്ങളില്‍ രണ്ടെണ്ണം നടപ്പിലാക്കുന്നതിനു ഭരണസമിതി തിരക്കിട്ട ശ്രമം തുടരുന്നു.
മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. പകുതി പണി പൂര്‍ത്തിയായിട്ടുണ്ട്. ഏറെക്കാലത്തെ മുറവിളിക്ക് ശേഷം നഗരമധ്യത്തില്‍ ശൗചാലയവും ഒരുങ്ങിക്കഴിഞ്ഞു. ബദിയടുക്കാ റോഡില്‍ ശുചിമുറിയും, വിശ്രമകേന്ദ്രവും അടക്കമുള്ള കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ബസ്സ്റ്റാന്റ്-ഷോപ്പിംഗ് കോംപ്ലക്‌സ് ഇപ്പോഴും അനിശ്ചിതമാണ്. നാല് മുന്‍ ഭരണസമിതികള്‍ക്കും ബസ് സ്റ്റാന്റ്് വിഷയത്തില്‍ വാഗ്ദാനം നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
കുമ്പളയില്‍ ഒരുങ്ങുന്ന വഴിയോര വിശ്രമ കേന്ദ്രം 43 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. യാത്രക്കാരായ സ്ത്രീകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് മുലയൂട്ടല്‍ സൗകര്യവുമുണ്ട്. ഇതിന് പുറമെ കോഫി ഷോപ്പുമുണ്ടാകും. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതാണ് സ്ഥലം. പ്രത്യേക അനുമതി വാങ്ങിയാണ് പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെ ‘ഹാബിറ്റാറ്റ്’
ഏജന്‍സിക്കായിരുന്നു നിര്‍മ്മാണ ചുമതല. അവസാന മിനുക്ക് പണികള്‍ കൂടി കഴിഞ്ഞാല്‍ കെട്ടിടം തുറന്നുകൊടുക്കും.
ആധുനിക രീതിയിലുള്ള മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ഇറച്ചി വില്‍പനയ്ക്കും പച്ചക്കറി വില്‍പ്പനയ്ക്കും സൗകര്യം ഒരുക്കുന്ന വിധത്തിലാണ് നിര്‍മ്മാണം. ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ഒരുകോടി 12 ലക്ഷം രൂപ ചെലവിലാണ് മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം. കാലാവധി തീരുന്നതിനുമുമ്പ് തുറന്നു കൊടുക്കാനുള്ള തിരക്കിലാണ് അധികൃതര്‍. പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page