കണ്ണൂര്‍: മയ്യില്‍,വേളം മഹാഗണപതി ക്ഷേത്രക്കുളത്തില്‍ സ്ഥാപിച്ച ദേവീബിംബത്തെ അപമാനിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മയ്യില്‍, കണ്ണാടിപ്പറമ്പ് സ്വദേശികളായ 18 വയസ്സിന് താഴെയുള്ള രണ്ടു പേരെയാണ് മയ്യില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.സി സഞ്ജയ് കുമാര്‍ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദേവീ ബിംബത്തെ തൊട്ടുതലോടുന്ന അശ്ലീല വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ വീഡിയോ പുറത്തുവിട്ടിരുന്നില്ല. ഇടയ്ക്കിടെ വിനോദയാത്ര പോകുന്ന സംഘം കഴിഞ്ഞദിവസം ബംഗ്‌ളൂരു യാത്ര ആസൂത്രണം ചെയ്തു. എന്നാല്‍ സംഘത്തിലെ ഒരാള്‍ യാത്ര പോകാന്‍ തയ്യാറായില്ല. ഇയാള്‍ക്ക് ഒരു പണി കൊടുക്കണമെന്ന ലക്ഷ്യത്തോടെ നേരത്തെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സംഘത്തിലെ ഒരാള്‍ സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം അര്‍ജുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും അവരെയും ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
