കണ്ണൂര്‍: കര്‍ണ്ണാടകയില്‍ സ്വര്‍ണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പയ്യന്നൂര്‍, രാമന്തളി, സ്വദേശി എം.എന്‍.പി അമീന്‍ (44), കവ്വായി സ്വദേശി സല്‍സല്‍ (32) എന്നിവരെയാണ് കര്‍ണ്ണാടക, ഹുബ്ലി എസ്.ഐ മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഡിവൈ.എസ്പിയുടെ സഹായത്തോടെ അറസ്റ്റു ചെയ്തത്.
നംവബര്‍ മാസത്തില്‍ ഹുബ്ലി ദേശീയപാതയിലാണ് കേസിനാസ്പദമായ സംഭവം.
പ്രമുഖ സ്വര്‍ണ്ണവ്യാപാരി സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയ പത്തംഗ സംഘം ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി. ഒരു കോടിയിലധികം രൂപ കൊള്ളയടിച്ചുവെന്നാണ് കേസ്.
നേരത്തെ പയ്യന്നൂരില്‍ പിടിയിലായ തമിഴ്‌നാട്, കോയമ്പത്തൂര്‍ ഹൈവെ കൊള്ളക്കേസിലെ പ്രധാനപ്രതിയായ രാമന്തളി, വടക്കുമ്പാട് സ്വദേശിയും കൂട്ടാളിയും ഹുബ്ലി കൊള്ളക്കേസില്‍ പ്രതികളാണെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
