കണ്ണൂര്‍: നൂറിലേറെ സൈക്കിളുകള്‍ മോഷ്ടിച്ച വിരുതന്‍ അറസ്റ്റില്‍. കണ്ണൂര്‍, ചെറുകുന്ന്, വെള്ളറങ്ങള്‍ എ.പി ഹൗസില്‍ കെ.എം ഷംസുദ്ദീനെയാണ് വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ ടി.എന്‍ വിപിന്‍ അറസ്റ്റു ചെയ്തത്.
കല്യാശ്ശേരി, സെന്‍ട്രല്‍ താഴത്തിടത്തില്‍ രാമചന്ദ്രന്റെ സൈക്കിള്‍ മോഷണം പോയ കേസിലാണ് അറസ്റ്റ്. പാപ്പിനിശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രാമചന്ദ്രന്‍ ഒരു ഷോപ്പിനു മുമ്പിലാണ് സൈക്കിള്‍ വച്ചിരുന്നത്. സൈക്കിള്‍ മോഷണം പോയതു സംബന്ധിച്ച് രാമചന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ഷംസുദ്ദീന്‍ പിടിയിലായത്. നിരവധി സ്ഥലങ്ങളിലെ സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സൈക്കിള്‍ മോഷണത്തിനു പിന്നില്‍ ഷംസുദ്ദീന്‍ ആണെന്ന് വ്യക്തമായത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറിലധികം സൈക്കിളുകള്‍ ഷംസുദ്ദീന്‍ മോഷ്ടിച്ചിട്ടുള്ളതായും പൊലീസ് പറഞ്ഞു. സെക്കന്റ് ഹാന്റ് സൈക്കിള്‍ വില്‍പ്പനക്കാരനാണെന്നു പറഞ്ഞാണ് ഇയാള്‍ ചെറിയ വിലയ്ക്ക് സൈക്കിളുകള്‍ വില്‍പ്പന നടത്തിയിരുന്നത്. സൈക്കിള്‍ നല്‍കാമെന്നു പറഞ്ഞ് മുന്‍കൂട്ടി ഓര്‍ഡര്‍ സ്വീകരിക്കും. മോഷ്ടിച്ച ഉടനെ സൈക്കിള്‍ എത്തിച്ചു കൊടുക്കും. അഡ്വാന്‍സ് തുക കഴിച്ച് ബാക്കിയുള്ള തുകയുമായി മുങ്ങുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. സൈക്കിളുകള്‍ക്ക് ആവശ്യക്കാരില്ലാതെ വരുന്ന അവസരങ്ങളില്‍ ആക്രിക്കടകളില്‍ വില്‍പ്പന നടത്തുകയാണ് രീതി. അതിനും കഴിഞ്ഞില്ലെങ്കില്‍ ഏതെങ്കിലും പറമ്പില്‍ സൂക്ഷിച്ചുവയ്ക്കുകയും ആവശ്യക്കാര്‍ വരുമ്പോള്‍ വില്‍പ്പന നടത്തുകയുമാണ് പതിവ്. നേരത്തെ കണ്ണപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളില്‍ ഷംസുദ്ദീനെതിരെ കേസുണ്ടായിരുന്നു. കണ്ണൂര്‍ റെയില്‍വെസ്റ്റേഷന്‍ കൗണ്ടറില്‍ നിന്നും പണം തട്ടിപ്പറിച്ച് ഓടിയ കേസില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
