കണ്ണൂര്‍:വീട് കുത്തിത്തുറന്നു 12 പവന്‍ സ്വര്‍ണ്ണവും 88,000 രൂപയും കവര്‍ന്നു. കണ്ണൂര്‍, തളാപ്പ്, പൊട്ടന്മാര്‍ക്കണ്ടി പള്ളിക്കു സമീപത്തെ ഉമൈബയുടെ വീട്ടിലാണ് കവര്‍ച്ച. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ഉമൈബയും മൂന്നു ആണ്‍മക്കളും മകളും ഗള്‍ഫിലാണ്. അതിനാല്‍ വീടു പൂട്ടിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉമൈബയുടെ മകന്‍ നജീറും ഭാര്യയും മകനും ഈ വീട്ടിലെത്തിയിരുന്നു. ചെറുകുന്നിലെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ എത്തിയത്. ഞായറാഴ്ച വീടു പൂട്ടി ചെറുകുന്നിലെ കല്യാണവീട്ടില്‍ പോയി തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് വീടു കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. കമ്പിപ്പാര ഉപയോഗിച്ച് മുന്‍ ഭാഗത്തെ വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാര തുറന്നാണ് കവര്‍ച്ച നടത്തിയത്. പണവും സ്വര്‍ണ്ണവും ഒരേ അലമാരയ്ക്കകത്താണ് സൂക്ഷിച്ചിരുന്നത്. വിവരമറിഞ്ഞ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്.ഐ ഷമീല്‍ എന്നിവര്‍ പരിശോധന നടത്തി. കവര്‍ച്ച നടന്ന വീട്ടിലെ സിസിടിവി ക്യാമറ പ്രവര്‍ത്തനരഹിതമാണ്. സമീപത്തെ മറ്റൊരു വീട്ടിലെ സിസിടിവി ക്യാമറയില്‍ മോഷ്ടാക്കളുടെതെന്നു കരുതുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബൈക്കില്‍ രണ്ടു പേരെത്തുന്ന ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്.
