തെക്കന്‍ കൊറിയയിലെ വിമാന ദുരന്തം; മരിച്ചത് 179 പേര്‍; 85 പേരുടെ മരണം സ്ഥിരീകരിച്ചു, രക്ഷപ്പെട്ടത് രണ്ടുപേര്‍, ദാരുണാപകടത്തില്‍ മാപ്പ് പറഞ്ഞ് വിമാനകമ്പനി

തെക്കന്‍ കൊറിയയില്‍ വിമാനം തകര്‍ന്ന് 179 പേര്‍ മരിച്ചതായി വിവരം. വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. തീപിടിച്ചതിനെ തുടര്‍ന്ന് 85 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സൂചന. ദാരുണാപകടത്തില്‍ വിമാനകമ്പനി മാപ്പ് പറഞ്ഞു. ലജ്ജിച്ച് തലത്താഴ്ത്തുന്നുവെന്ന് ജൈജു എയര്‍ലൈന്‍സ് സിഇഒ കിം ഇ-ബേ വ്യക്തമാക്കി. അപകടത്തിന്റെ കൃത്യമായ കാരണം പരിശോധിച്ചുവരികയാണെന്ന് എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടത്തില്‍ രണ്ട് പേര്‍ മാത്രമാണ് രക്ഷപെട്ടതെന്ന് സ്ഥിരീകരിച്ചു. പിന്‍ ഭാഗമൊഴികെ വിമാനത്തിന്റെ മറ്റ് ഭാഗങ്ങളെല്ലാം കത്തിയമര്‍ന്നു. ഏതാണ്ട് 32 ഫയര്‍ ട്രക്കുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. എങ്കിലും കൂടുതല്‍ പേരെ രക്ഷിക്കാനായില്ല. 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 175 പേര്‍ യാത്രക്കാരും ആറ് പേര്‍ വിമാന ജീവനക്കാരുമാണ്. തായ്‌ലന്‍ഡില്‍ നിന്ന് വരികയായിരുന്ന വിമാനം മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശേഷം രണ്ടാമതും ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രാഷ് ലാന്‍ഡിംഗ് നടത്തുകയായിരുന്നു. പക്ഷി ഇടിച്ചാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. ലാന്‍ഡിംഗിനിടെ ടയറിന് പ്രശ്മുണ്ടായെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച കസാക്കിസ്ഥാനിലെ അക്തൗവിന് സമീപം നടന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍ വിമാനാപകടത്തിന് തൊട്ടുപിന്നാലെയാണ് സംഭവം. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 67 പേരില്‍ 38 പേര്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page