കാസര്‍കോട്: ബിജെപി നേതാവിന്റെ വീട്ടില്‍ എക്സൈസ് അധികൃതര്‍ അതിക്രമിച്ചു കയറിയതായി പരാതി.
ബിജെപി കുമ്പള നോര്‍ത്ത് ഏരിയാ കമ്മിറ്റി പ്രസിഡന്റ് പ്രദീപ് ബമ്പ്രാണയുടെ വീട്ടിലാണ് ശനിയാഴ്ച അര്‍ധരാത്രി കാസര്‍കോട് എക്സൈസ് സ്‌ക്വാഡ് എത്തിയത്. ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന തെറ്റായ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് എത്തിയത്. വീട്ടിനുള്ളില്‍ കയറിയ സംഘം വീട്ടുകാരെ തള്ളിമാറ്റി അതിക്രമിച്ചു കയറി വീട് അലങ്കോലമാക്കി വിലപിടിപ്പുള്ള വീട്ടുസാധനങ്ങള്‍ അടക്കം നശിപ്പിക്കുകയായിരുന്നുവെന്ന് പ്രദീപ് പറഞ്ഞു. ബബ്രാണയിലെ ക്വാര്‍ട്ടേഴ്‌സിലാണ് പ്രദീപ് താമസിക്കുന്നത്. സംഭവത്തില്‍ കുമ്പള പൊലീസില്‍ പരാതി നല്‍കി. ജില്ലാ പൊലീസ് ചീഫിനും എക്‌സൈസ് മന്ത്രിക്കും പരാതി നല്‍കുമെന്ന് പ്രദീപ് പറഞ്ഞു. അതേസമയം
എക്‌സൈസ് സംഘം അതിക്രമിച്ചു കയറി വീട് അലങ്കോലമാക്കി വിലപിടിപ്പുള്ള വീട്ടുസാധനങ്ങള്‍ അടക്കം നശിപ്പിച്ചത് മുസ്ലിം ലീഗ്, കഞ്ചാവ് മാഫിയയുടെ അറിവേടെയെന്ന് ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി ആരോപിച്ചു. പരിശോധന നടത്തി ഒന്നും ലഭിക്കാതെ മടങ്ങേണ്ടിവന്ന കാസര്‍കോട് എക്സൈസ് സംഘം മുസ്ലിംലീഗിന്റെ കളിപ്പാവയായി പ്രവര്‍ത്തിക്കുകയാണ്. പൊതു പ്രവര്‍ത്തകനായ പ്രദീപിനെ കള്ളക്കേസില്‍ കുടുക്കാന്‍ ലഹരിവസ്തുക്കളുമായി എത്തിയ എക്സൈസ് സംഘം പ്രദീപിന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് മണ്ഡലം കമ്മിറ്റി നേതാക്കള്‍ പറഞ്ഞു. ദണ്ഡഗോളില്‍ എംഎല്‍എ ഫണ്ടില്‍ സ്ഥാപിക്കുന്ന ഒരു കെട്ടിടത്തിന് അഴിമതി ആരോപിച്ച് പ്രദീപ് രംഗത്ത് വന്നിരുന്നു. കൂടാതെ പഞ്ചായത്തില്‍ നടക്കുന്ന മുസ്ലിംലീഗിന്റെ അഴിമതികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചതിന്റെ വൈരാഗ്യമാണ് ഉദ്യോഗസ്ഥലത്തില്‍ നടത്തിയ പരിശോധന. തെറ്റായ വിവരം നല്‍കിയ ആളുകള്‍ക്കെതിരെ അന്വേഷണം നടത്തി അവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാവണമെന്നും
ഇതിനെതിരെ ബിജെപി കുമ്പള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രധിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും പത്രകുറിപ്പിലൂടെ അറിയിച്ചു.
