കോഴിക്കോട്: മലയാള ഭാഷയുടെ ‘പെരുന്തച്ചന്’ യാത്രചൊല്ലി കേരളം. എം.ടി വാസുദേവൻ നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പല തലമുറകൾക്ക് വായനയെ സമ്മോഹനമായ അനുഭവമാക്കിയ എഴുത്തുകാരന് മലയാളം ആദരവോടെ, വേദനയോടെ യാത്രാമൊഴിയോതി. കേരള സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ എംടിയുടെ വീടായ സിതാരയിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു. ഭൗതികശരീരം വഹിച്ച് വീട്ടിൽനിന്ന് ആംബുലൻസ് പുറപ്പെടുന്നതുവരേയും ‘സിതാര’യിലേക്ക് ജനം ഒഴുകിയെത്തി. വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെ എം.ടി. അവസാനമായി ‘സിതാര’യുടെ പടിയിറങ്ങി. കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് വഴി മാവൂർ റോഡിലെ പൊതുശ്മശാനത്തിലേക്ക്. മലയാളത്തിന്റെ പ്രിയസാഹിത്യകാരനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വഴിനീളെ ആളുകൾ കാത്തുനിന്നു. അന്ത്യകർമ്മങ്ങൾക്ക് എംടിയുടെ മൂത്ത സഹോദരൻ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ മകൻ ടി സതീശൻ നേതൃത്വം നൽകി. അടുത്ത ബന്ധുക്കളായ എം ടി രാജീവ്, എം ടി രാമകൃഷ്‌ണന്‍, മോഹനൻ നായർ, ദീപു മോഹൻ എന്നിവരും മകൾ അശ്വതിയും മൃതദേഹത്തെ വലംവെച്ചു. കർമ്മങ്ങൾക്ക് ശേഷം കൃത്യം 5.23 ന് എം ടി വാസുദേവൻ നായർ എന്ന സാഹിത്യ കുലപതിയെ തീ നാളങ്ങൾ ഏറ്റുവാങ്ങി. പത്രാധിപർ, ചലച്ചിത്രകാരൻ, നാടകകൃത്ത്, സാഹിത്യസംഘാടകൻ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം സുവർണമുദ്ര പതിപ്പിച്ച ആ യുഗം ഇനി ഓർമ. സാഹിത്യ-സിനിമ ലോകത്ത് നിന്ന് എം എൻ കാരശ്ശേരി, എം എം ബഷീർ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ, ആലങ്കോട് ലീലകൃഷ്ണൻ, കെ പി സുധീര, കെ പി രാമനുണ്ണി, ചിത്രകാരൻ പോൾ കല്ലാനോട്, സംവിധായകരായ ജയരാജ്, ലാൽ ജോസ്, നടൻ വിനോദ് കോവൂർ എന്നിവരും എത്തിച്ചേർന്നു. സ്‌മൃതിപഥത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, എം ബി രാജേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, എംപിമാരായ എം കെ രാഘവൻ, ഷാഫി പറമ്പിൽ, എ എ റഹീം, എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, തോട്ടത്തിൽ രാധാകൃഷ്ണൻ, ടി സിദ്ദിഖ്, അൻവർ സാദത്ത്, രാഹുൽ മാ മാങ്കൂട്ടത്തിൽ, കെ പി അനിൽ കുമാർ തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കൾ എത്തി. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെയാണ് എം.ടിയുടെ അന്ത്യം സംഭവിച്ചത്.
