കോഴിക്കോട്: മലയാള സാഹിത്യത്തിലെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയില്‍ എത്തിച്ചു. വ്യാഴാഴ്ച വൈകിട്ട് വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും. മറ്റുള്ള സ്ഥലങ്ങളിൽ പൊതുദർശനം വേണ്ടെന്ന് എം ടി നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് എംടിയുടെ (91) അന്ത്യം. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. എംടിയുടെ വിയോഗത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവെച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. താലൂക്ക് തല അദാലത്തുകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. എം.എൻ.കാരശേരി, മന്ത്രി എ.കെ.ശശീന്ദ്രൻ, ഷാഫി പറമ്പിൽ എംപി, എം.സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വീട്ടിലെത്തി. മലയാള സിനിമ-സാഹിത്യമേഖലയിലെ ബഹുമാന്യ പ്രതിഭയായ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അതീവ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.
