കാസര്‍കോട്: ദേശീയപാത, ഗതാഗതമേഖലയിലെ വിസ്മയമാകാന്‍ പോവുന്നതും ദേശീയപാത ഓരങ്ങളും പ്രധാന ജംഗ്ഷനുകളും മനോഹരമാവുന്നതും കുമ്പള ഗ്രാമപഞ്ചായത്ത് അറിഞ്ഞിട്ടേ ഇല്ലെന്നു നാട്ടുകാര്‍ പറയുന്നു. കുമ്പളയില്‍ പൊതു കക്കൂസ് ഉണ്ടാക്കും, ഷോപ്പിംഗ് കോംപ്ലക്സ് ഉണ്ടാക്കും, ബസ്സ്റ്റാന്റ് ഉണ്ടാക്കും, നഗര ഹൃദയത്തില്‍ ഗേറ്റുണ്ടാക്കും, യാത്രക്കാരെ സ്വാഗതം ചെയ്യും, എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നാല്‍ ഭരണം കേങ്കേമമാവുമെന്നാണ് അധികൃതരുടെ വിചാരമെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പറഞ്ഞതിലൊന്നും ജനങ്ങള്‍ തൃപ്തരല്ലാതെ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കുമ്പളയുടെ വികസനത്തെ തുരങ്കം വയ്ക്കുന്നുവെന്ന് ഒരു കാച്ചുകാച്ചിയാല്‍ ഭരണപക്ഷത്തിനു തൃപ്തിയാവുമെന്നാണ് അധികാരികള്‍ ആശ്വസിക്കുന്നതെന്നു അവര്‍ പരിഹസിക്കുന്നു.
കാസര്‍കോടിനും സംസ്ഥാനാതിര്‍ത്തിയായ തലപ്പാടിക്കുമിടയിലെ ഹൈവേയോടു ചേര്‍ന്ന പ്രധാന ടൗണും വ്യവസായ കേന്ദ്രവുമായ കുമ്പള ടൗണിലേക്കു ദേശീയപാതയില്‍ നിന്നു കയറുന്ന ടൗണിന്റെ ഹൃദയഭാഗം കാടുമൂടുകയാണ്. ദൂരെ ദിക്കുകളില്‍ നിന്നു വരുന്നവര്‍ക്കു ഇവിടെ കുമ്പള ജംഗ്ഷന്‍ എന്ന ബോര്‍ഡ് മരാമത്തുകാര്‍ സ്ഥാപിച്ചിട്ടുണ്ട്. ആ ബോര്‍ഡ് കുമ്പള ടൗണിലേക്കും, മുള്ളേരിയയിലേക്കുമുള്ള ചൂണ്ടുപലക കൂടിയാണ്. പത്തടിയോളം ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഈ ബോര്‍ഡിനടുത്തുവരെ കാടു വളര്‍ന്നു കയറിക്കഴിഞ്ഞു 10 ദിവസം കൂടി കഴിഞ്ഞാല്‍ കാടുകയറി ബോര്‍ഡ് മറയുമെന്നുറപ്പാണ്. ഈ കാട്ടിനുള്ളില്‍ നഗരത്തിലെ മാലിന്യങ്ങള്‍ ചാക്കില്‍ക്കെട്ടി കൊണ്ടു തള്ളുന്നുണ്ടെന്നും അതിനുവേണ്ടിയാണ് കാടു വളര്‍ത്തി പരിപാലിക്കുന്നതെന്നും പരാതികളുമുണ്ട്.
ടൗണിലെ ബദിയഡുക്ക, പെര്‍ള, മുള്ളേരിയ ബസ് സ്റ്റോപ്പിനടുത്തുമുഴുവന്‍ മാലിന്യം വാരി വിതറിയിരിക്കുകയാണെന്നും പരാതിയുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ മുമ്പു വലിയൊരു ഹൈമാസ് ലൈറ്റ് പഞ്ചായത്ത് ഇവിടെ സ്ഥാപിച്ചിരുന്നു. ഇതു മാലിന്യം തള്ളുന്നവര്‍ക്കു ബുദ്ധിമുട്ടാണെന്നു ബോധ്യമായപ്പോള്‍ ഹൈവേ വരുന്നു എന്നു പറഞ്ഞു അതുമായി ഒരു ബന്ധവുമില്ലാത്ത ഇവിടെയുണ്ടായിരുന്ന ഹൈമാസ് വിളക്കു നീക്കം ചെയ്യുകയായിരുന്നെന്നു വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും പരാതിയുണ്ട്.
നഗര വികസനത്തെക്കുറിച്ചോ, നഗര ശുചീകരണത്തെക്കുറിച്ചോ. അന്തരീക്ഷ ശുചീകരണത്തെക്കുറിച്ചോ, അടിസ്ഥാന വികസനത്തെക്കുറിച്ചോ പഞ്ചായത്തിന് ഒരു താല്‍പ്പര്യവുമില്ലെന്നു ജനങ്ങള്‍ പരിതപിക്കുന്നുണ്ട്. എല്ലാ ശ്രദ്ധയും ടെണ്ടര്‍ വിളിക്കുന്നതിലും കരാര്‍ ഉറപ്പിക്കുന്നതിലും കേന്ദ്രീകരിച്ചിരിക്കുകയാണെന്നു നാട്ടുകാര്‍ പരിഹസിക്കുന്നു.







