കാസര്‍കോട്: ചെര്‍ക്കള-ബേര്‍ക്ക റോഡിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. ഉത്തര്‍പ്രദേശ്, കൈസ്റ്റര്‍ ഗഞ്ച, ബഹായിച്ച് സ്വദേശിയായ മുഹമ്മദ് അമീന്‍ അന്‍സാരി (23)ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ അയാന്‍ എന്നയാള്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് വധശ്രമത്തിനു കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. നാലു വര്‍ഷമായി ചെര്‍ക്കള കേന്ദ്രീകരിച്ച് ജോലി ചെയ്തു വരുന്ന ആളാണ് പരാതിക്കാരനായ മുഹമ്മദ് അമീര്‍ അന്‍സാരി. മൂന്നു മാസം മുമ്പാണ് ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെ മറ്റൊരു മുറിയില്‍ അയാന്‍ താമസത്തിനു എത്തിയത്. കഴിഞ്ഞ ദിവസം അയാന്റെ കാല്‍ പരാതിക്കാരന്റെ കാലില്‍ തട്ടിയിരുന്നു. ഇതു ചോദ്യം ചെയ്തതില്‍ പ്രകോപിതനായാണ് കത്തിയെടുത്തു കുത്തിയതെന്നു അമീര്‍ അന്‍സാരി പൊലീസിനു മൊഴി നല്‍കി.
