അമരാവതി: സ്റ്റേറ്റ് ബസ് മോഷ്ടിച്ചു. ആന്ധ്ര പ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ്റെ സർവീസ് ബസാണ് മോഷ്ടിച്ചത്. ഞായറാഴ്ച രാത്രി സർവീസ് കഴിഞ്ഞു അറ്റകുറ്റപ്പണിക്കു വർക്ക് ഷോപ്പിൽനിറുത്തിയിരുന്ന ബസാണു കാണാതായത്. അനകപ്പളി ജില്ലയിലെ നർസി പട്ടണം ഡിപ്പോയിൽ നിന്നു സർവീസ് നടത്തുന്ന ബസാണിത്. ബസ് കാണാതായതിനെത്തുടർന്നു വിഭ്രാന്തരായ ജീവനക്കാർ വിവരം ഡിപ്പോ അധികൃതരെ അറിയിച്ചു. അവർ നരസിപ്പട്ടണം പൊലീസിനു വിവരം കൈമാറി. പൊലീസ് മൂന്നു ടീമുകളെ ഉടൻ നിയോഗിക്കുകയും അവർ നടത്തിയ അന്വേഷണത്തിൽ അല്ലൂരി ജില്ലയിലെ ചിന്തപ്പള്ളിയിൽ ബസ് കണ്ടെത്തുകയും ചെയ്തു. ബസ് മോഷ്ടാവെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടരുന്നുണ്ട്.
