കണ്ണൂര്‍: ട്രെയിന്‍ ചീറിപ്പായുമ്പോള്‍ അതിനടിയില്‍ പാളത്തോട് ചേര്‍ന്ന് ഒരാള്‍ കമിഴ്ന്നു കിടക്കുന്നു. മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങള്‍. ട്രെയിന്‍പോയതിനു ശേഷം അയാള്‍ ഒന്നുമറിയാതെ നടന്നുപോകുന്നു. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായിരിക്കുകയാണ്. കണ്ണൂര്‍ പന്നേന്‍ പാറയിലാണ് സംഭവം നടന്നത്. പന്നേന്‍പാറ സ്വദേശിയും സ്‌കൂള്‍ ബസ് ഡ്രൈവറുമായ പവിത്രനാണ് സോഷ്യല്‍ മീഡിയ തേടുന്ന ഈ ഭാഗ്യവാന്‍. സ്‌കൂളിലെ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം. ഫോണിലൂടെ സംസാരിച്ചു കൊണ്ട് പാളത്തിലൂടെ നടക്കവെ പെട്ടെന്ന് ട്രെയിനെത്തുകയായിരുന്നു. ഓടിപ്പോകാന്‍ വഴി കണ്ടില്ല. അങ്ങനെയാണ് പാളത്തിനോട് ചേര്‍ന്ന് കമിഴ്ന്ന് കിടന്നതെന്ന് പവിത്രന്‍ പറയുന്നു. നന്നായി പേടിച്ചുപോയെന്നും ഇപ്പോഴും ആ നടുക്കം മാറിയിട്ടില്ലെന്നും പവിത്രന്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. ശ്രീജിത്ത് എന്ന ആളാണ് മൊബൈലില്‍ ദൃശ്യം പകര്‍ത്തിയത്.
ട്രെയിനിന്റെ 4 ബോഗികള്‍ പാസ് ചെയ്തത് പോയതിന് ശേഷമാണ് താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ശേഷം ട്രെയിന്‍ പോയതിന് ശേഷം പവിത്രന്‍ നടന്നു പോകുകയായിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു.
സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
